ചങ്ങനാശ്ശേരി: മുൻ ദേശീയ താരമായ ചങ്ങനാശ്ശേരി ഗുഡ് ഷേപ്പേർഡ് സ്കൂൾ കായിക അധ്യാപിക സ്‌കൂളിൽ കുഴഞ്ഞു വീണു മരിച്ചു. ഗുഡ് ഷെപ്പേർഡ് പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളേജിലെ കായിക അദ്ധ്യാപിക മനു ജോൺ (50) ആണ് കുഴഞ്ഞു വീണു മരിച്ചത്.

 

 പാറത്തറ പരേതനായ തോമസ് മാത്യുവിന്റേയും ചിന്നമ്മ തോമസിന്റെയും മകളാണ് മനു. സ്കൂളിൽ ഇന്ന് രാവിലെ ഡിസിപ്ലിൻ ഡ്യൂട്ടി ചെയ്യുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. സഹപ്രവർത്തകർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു. ഗുഡ് ഷേപ്പേർഡ് സ്കൂളിൽ കായിക അധ്യാപികയായി കഴിഞ്ഞ ഇരുപത്തിനാലു വർഷമായി സേവനം ചെയ്തു വരുന്നതിനിടെയാണ് സ്കൂളിനെയും നാടിനെയും നടുക്കുന്ന ആകസ്മികമായ വേർപാട്. നിരവധി ദേശീയ മത്സരങ്ങളിലെ സ്ഥിരം മെഡൽ ജേതാവ് ആയിരുന്നു മനു. മധ്യ-ദീർഘ ദൂര മത്സരങ്ങളിൽ കേരളത്തിനായി നിരവധി മെഡൽ നേടിയ മനു സ്കൂൾ തലത്തിൽ ചങ്ങനാശ്ശേരി സെന്റ്.ജോസഫ് സ്കൂളിലും യൂണിവേഴ്സിറ്റി തലത്തിൽ ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജിൽ നിന്നും ആണ് മത്സരിച്ചിരുന്നത്. എം.ജി യൂണിവേഴ്സിറ്റി ക്രോസ്സ് കൺട്രി ടീം ക്യാപ്റ്റൻ കൂടി ആയിരുന്നു മനു ജോൺ.