വെള്ളാവൂർ: ആരോഗ്യരംഗത്തെ ഡിജിറ്റൽ വിപ്ലവമായ ഇ-ഹെൽത്ത് പദ്ധതി ഏറ്റവും ഫലപ്രദമായി നടപ്പാക്കിയ കോട്ടയം ജില്ലയിലെ കുടുംബരോഗ്യ കേന്ദ്രത്തിനുള്ള ഒന്നാം റാങ്ക് വെള്ളാവൂർ കുടുംബരോഗ്യ കേന്ദ്രത്തിന് ലഭിച്ചു.
കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: എൻ പ്രിയയിൽ നിന്ന് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.അരുൺ കൃഷ്ണ അവാർഡ് ഏറ്റുവാങ്ങി. ജില്ലയിൽ മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള 36 ആശുപത്രികളിൽ ഇതിനോടകം സംവിധാനം നടപ്പാക്കിക്കഴിഞ്ഞു. ഇ-ഹെൽത്ത് സംവിധാനം ഏർപ്പെടുത്തിയ ആരോഗ്യ സ്ഥാപനങ്ങളിൽ, യു എച് ഐ ഡി രജിസ്ട്രേഷന്റെ എണ്ണം, യു എച് ഐ ഡി കാർഡ് ഉപയോഗിച്ചുള്ള ആശുപത്രി സന്ദർശനങ്ങളുടെ എണ്ണം, ഒപി, ഫാർമസി, ലാബ് തുടങ്ങിയവയിലെ കമ്പ്യൂട്ടർ (ഇ-ഹെൽത്ത്) ഉപയോഗം എന്നിവ മാനദണ്ഡപെടുത്തി തയ്യാറാക്കിയ സൂചിക വെച്ചാണ് റാങ്കിങ് നിശ്ചയിക്കുന്നത്. ചികിത്സാരംഗത്ത് വളരെയധികം മാറ്റമുണ്ടാക്കാൻ കഴിയുന്ന മികച്ച സംവിധാനങ്ങളാണ് ഈ പദ്ധതിയിലുള്ളത്. ഒരാൾ ആരോഗ്യ കേന്ദ്രത്തിലെത്തി ചികിത്സ നടപടികൾ പൂർത്തിയാക്കി മടങ്ങും വരെ എല്ലാ ആരോഗ്യ സേവനവും ഇ- ഹെൽത്ത് സംവിധാനത്തിലൂടെ റെക്കോഡ് ചെയ്യുന്നതാണ്.