വാഹന പരിശോധനയുമായി വഴിനീളെ പിഴയടപ്പിക്കുന്ന മണിമല പോലീസിനും കിട്ടി 5000 രൂപ പിഴ!


മണിമല: വാഹന പരിശോധനയുമായി വഴിനീളെ പിഴയടപ്പിക്കുന്ന മണിമല പോലീസിനും കിട്ടി 5000 രൂപ പിഴ. കഴിഞ്ഞ ദിവസമാണ് സംഭവം. മണിമല പൊലീസിന് മാത്രമല്ല വെള്ളാവൂർ വില്ലേജ് ഓഫീസിനും കിട്ടി 5000 രൂപ പിഴ.

 

 സംഭവം എന്താണെന്നല്ലേ, മാലിന്യ മുക്ത കേരളവുമായി ബന്ധപ്പെട്ടു പഞ്ചായത്ത് ജോയിന്റ് ഡയറക്ടറുടെ നിർദ്ദേശപ്രകാരം വെള്ളാവൂർ ഗ്രാമ പഞ്ചായത്ത് ഇൻസ്‌പെക്ഷൻ സ്‌ക്വാഡ് കഴിഞ്ഞ ദിവസം മേഖലയിലെ വിവിധ വ്യാപാര സ്ഥാപനങ്ങളും സർക്കാർ ഓഫീസുകളും പരിശോധിച്ചിരുന്നു. പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ കൃത്യമായി വെയ്ക്കാതെ അലക്ഷ്യമായി കൂട്ടിയിട്ടതിനാണ് മണിമല പോലീസ് സ്റ്റേഷനും വെള്ളാവൂർ വില്ലേജ് ഓഫീസിനും 5000 രൂപ വീതം പിഴ ചുമത്തിയത്ത്. ഇരുസ്ഥാപനങ്ങളുടെയും മേധാവികൾ പിഴ തുക അടച്ചു. യാതൊരു മുന്നറിയിപ്പുകളുമില്ലാതെ പെട്ടെന്നായിരുന്നു പരിശോധന നടന്നത്. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി വിനോദ് കുമാർ പരിശോധനകൾക്ക് നേതൃത്വം നൽകി.