കോട്ടയം: ഓപ്പറേഷൻ ലൈഫിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് രണ്ട് ദിവസത്തെ സ്പെഷ്യൽ ഡ്രൈവ് സംഘടിപ്പിച്ചു. പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ നിർദേശ പ്രകാരമാണ് പരിശോധനകൾ നടത്തിയത്. ഈ ഡ്രൈവ് രഹസ്യമാക്കി വച്ച് മുന്നറിയിപ്പില്ലാതെയാണ് പരിശോധനകൾ നടത്തിയത്.

 

 കാലവർഷവുമായി ബന്ധപ്പെട്ട് ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ തുടങ്ങിയ ഭക്ഷ്യ സ്ഥാപനങ്ങളുടേയും ജീവനക്കാരുടേയും ശുചിത്വം ഉറപ്പ് വരുത്തുകയായിരുന്നു ലക്ഷ്യം. ജീവനക്കാരുടെ ഹെൽത്ത് കാർഡ്, വ്യക്തി ശുചിത്വം, പാചകത്തിന് ഉപയോഗിക്കുന്ന വെള്ളം തുടങ്ങിയവ പരിശോധിച്ചു. രണ്ട് ദിവസത്തെ സ്പെഷ്യൽ ഡ്രൈവിൽ സംസ്ഥാന വ്യാപകമായി 2644 സ്ഥാപനങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകൾ നടത്തി. സംസ്ഥാനത്തുടനീളം 134 സ്‌ക്വാഡുകളാണ് പരിശോധനകൾ നടത്തിയത്. ഭക്ഷ്യ സുരക്ഷാ ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച 107 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു. 368 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസുകളും 458 സ്ഥാപനങ്ങൾക്ക് കോമ്പൗണ്ടിംഗ് നോട്ടീസുകളും നൽകി. 9 സ്ഥാപനങ്ങൾക്കെതിരെ അഡ്ജ്യൂഡികേഷൻ നടപടികളും ആരംഭിച്ചു. തിരുവനന്തപുരം 324, കൊല്ലം 224, പത്തനംതിട്ട 128, ആലപ്പുഴ 121, കോട്ടയം 112, ഇടുക്കി 74, എറണാകുളം 386, തൃശൂർ 247, പാലക്കാട് 173, മലപ്പുറം 308, കോഴിക്കോട് 273, വയനാട് 51, കണ്ണൂർ 169, കാസർഗോഡ് 54 എന്നിങ്ങനെയാണ് പരിശോധനകൾ നടത്തിയത്. കോഴിക്കോട് 28, കൊല്ലം 21, തിരുവനന്തപുരം 16, തൃശൂർ 11, എറണാകുളം 7, മലപ്പുറം 7, കണ്ണൂർ 6, ആലപ്പുഴ 5, കോട്ടയം 5, പത്തനംതിട്ട 1 എന്നിങ്ങനെയാണ് സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തി വയ്പ്പിച്ചത്. ഓപ്പറേഷൻ മൺസൂണിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തി വരുന്ന പരിശോധനകൾക്ക് പുറമേയാണ് ഈ പ്രത്യേക ഡ്രൈവ് സംഘടിപ്പിച്ചത്. കടകൾ വൃത്തിഹീനമായി പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കടുത്ത നടപടി സ്വീകരിക്കും. ഭക്ഷണം പാകം ചെയ്യുന്നതും വിതരണവും ചെയ്യുന്നതും ശുചിത്വമുള്ള ചുറ്റുപാടിലായിരിക്കണം. കടകളിൽ ഉപയോഗിക്കുന്ന വെള്ളവും ശുദ്ധമാണെന്ന് ഉറപ്പു വരുത്തണം.ഓൺലൈൻ വിതരണക്കാരും തട്ടുകടക്കാരും ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കണം.