കോട്ടയം: കഴിഞ്ഞ രണ്ടു ദിവസങ്ങളായി തുടരുന്ന ശക്തമായ മഴയിൽ കോട്ടയം ജില്ലയിലെ നദികളിലും തോടുകളിലും ജലനിരപ്പ് ഉയർന്നു തുടങ്ങി. ജില്ലയിലെ പ്രധാന നദികളായ മണിമലയാറ്റിലും മീനച്ചിലാറ്റിലും ജലനിരപ്പ് ഉയർന്നു തുടങ്ങി. അതിശക്തമായ മഴയിൽ ജലനിരപ്പ് ഉയർന്നെങ്കിലും അപകടനിലയിൽ എത്തിയിട്ടില്ല.
ജില്ലയുടെ മലയോര മേഖലകളിലുൾപ്പടെ ശക്തമായ കനത്ത മഴയാണ്. തിങ്കളാഴ്ച ഉച്ചക്ക് ശേഷം ആരംഭിച്ച അതിശക്തമായ മഴ രാത്രിയും ചൊവ്വാഴ്ച രാവിലെ വരെയും തുടരുകയായിരുന്നു. ജില്ലയിൽ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത കണക്കിലെടുത്തു കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശക്തമായ മഴ ലഭിച്ചു കൊണ്ടിരിക്കുന്ന മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കേണ്ടതാണ്. പകൽ സമയത്ത് തന്നെ മാറി താമസിക്കാൻ ആളുകൾ തയ്യാറാവണം എന്നും സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടാറുള്ള താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സാഹചര്യം വിലയിരുത്തി തയ്യാറാക്കപ്പെടുന്ന ക്യാമ്പുകളിലേക്ക് മാറണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.