മൊബൈല്‍, ഇന്റര്‍നെറ്റ് അടിമത്തം: 'ഡി-ഡാഡ്' മോചിപ്പിച്ചത് 385 കുട്ടികളെ.

തിരുവനന്തപുരം: മൊബൈല്‍, ഇന്റര്‍നെറ്റ് അടിമത്തത്തില്‍ നിന്നും കുട്ടികളെ മോചിപ്പിക്കുന്നത് ലക്ഷ്യമിട്ട് കേരള പൊലീസ് ആരംഭിച്ച ഡി-ഡാഡ് (ഡിജിറ്റല്‍ ഡി അഡിക്ഷന്‍) പദ്ധതി ആരംഭിച്ച് 15 മാസത്തിനിടെ, കൗണ്‍സലിംഗിലൂടെ മോചിപ്പിച്ചത് 385 കുട്ടികളെ.

 

 ബ്ലുവെയില്‍പോലെ ജീവനെടുക്കുന്ന ഓണ്‍ലൈന്‍ ഗെയിമുകള്‍, കുട്ടികളെ ഉന്നമിട്ടുള്ള വിവിധ തരത്തിലുള്ള ഇന്റര്‍നെറ്റ് റാക്കറ്റുകള്‍ എന്നിവയില്‍ നിന്നടക്കമായിരുന്നു മോചനം. മൊബൈല്‍ ഫോണിന്റെയും ഇന്റര്‍നെറ്റിന്റെയും അമിത ഉപയോഗം, അതേത്തുടര്‍ന്നുള്ള അപകടങ്ങള്‍ എന്നിവയില്‍നിന്ന് കുട്ടികളെ രക്ഷിക്കാന്‍ സോഷ്യല്‍ പൊലീസിങ് ഡിവിഷനുകീഴില്‍ പ്രവര്‍ത്തിക്കുന്നതാണ് ഡിജിറ്റല്‍ ഡി അഡിക്ഷന്‍ സെന്ററുകള്‍ (ഡി ഡാഡ്). രാജ്യത്തുതന്നെ ആദ്യമായി, 2023 മാര്‍ച്ചിലാണ് കേരള പൊലീസിലെ സോഷ്യല്‍ പൊലീസിംഗ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ പദ്ധതി ആരംഭിച്ചത്. ആരോഗ്യം, വനിതാ-ശിശു വികസനം, വിദ്യാഭ്യാസം എന്നീ വകുപ്പുകളുമായി ചേര്‍ന്ന് നിലവില്‍ തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് 'ഡി ഡാഡ്' ഉള്ളത്. ഇതുവരെ 613 കുട്ടികളാണ് 'ഡി ഡാഡി'ന്റെ സഹായം തേടിയെത്തിയത്. ഇവരില്‍ നിന്നും 385 പേര്‍ അഡിക്ഷനില്‍ നിന്നും മോചിതരായി. സൈക്കോളജിസ്റ്റ്, പ്രോജക്ട് കോ--ഓര്‍ഡിനേറ്റര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ഇവര്‍ക്ക് പുറമേ പൊലീസ് കോ-ഓഡിനേറ്റര്‍മാരുമുണ്ട്. എഎസ്പിയാണ് നോഡല്‍ ഓഫീസര്‍. മനഃശാസ്ത്രവിദഗ്ധര്‍ തയ്യാറാക്കിയ ഇന്റര്‍നെറ്റ് അഡിക്ഷന്‍ ടെസ്റ്റ് വഴിയാണ് ഡിജിറ്റല്‍ അടിമത്തത്തിന്റെ തോത് കണ്ടെത്തുക. സ്മാര്‍ട്ട്ഫോണ്‍ അഡിക്ഷന്‍ ടെസ്റ്റുമുണ്ട്. തുടര്‍ന്ന് കുട്ടികളെ ഇതില്‍നിന്ന് മോചിപ്പിക്കാനുള്ള തെറാപ്പി, കൗണ്‍സലിങ്, മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവ നല്‍കും. കുട്ടികളെ സംബന്ധിച്ച വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കാം. കുട്ടി സുരക്ഷിതനായെന്ന് ഉറപ്പിക്കുന്നതുവരെ 'ഡി ഡാഡ്' ഒപ്പമുണ്ടാകും. രക്ഷിതാക്കള്‍, അധ്യാപകര്‍, ഈ മേഖലയിലെ വിവിധ സംഘടനകള്‍, ഏജന്‍സികള്‍ എന്നിവര്‍ക്ക് 'ഡി ഡാഡ്' അവബോധവും പകരുന്നു.