കോട്ടയം: യുവജനങ്ങൾ കൂടുതലുള്ളത് രാജ്യത്തിനു ഗുണകരമാണെങ്കിലും ജനസംഖ്യാ വർധന പരിധികടക്കുന്നത് തടയപ്പെടണമെന്ന് അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി. പറഞ്ഞു. ആരോഗ്യവകുപ്പും ആരോഗ്യകേരളവും ചേർന്ന് രാമപുരം മാർ അഗസ്തീനോസ് കോളജിൽ സംഘടിപ്പിച്ച ജില്ലാതല ലോകജനസംഖ്യ ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിഭവങ്ങളുടെ ഉപഭോഗത്തിലും പുനരുപയോഗത്തിലും മാലിന്യങ്ങളുടെ അളവുകുറയ്ക്കുന്നതിലും ശ്രദ്ധയൂന്നിയേ വർധിച്ച ജനസംഖ്യ ഉയർത്തുന്ന വെല്ലുവിളി നേരിടാൻ നമുക്ക് സാധിക്കൂ. പ്രകൃതി വിഭവങ്ങൾ അനാവശ്യമായി ചൂഷണം ചെയ്യുന്നതും പരിസ്ഥിതിക്കു കോട്ടം വരുത്തുന്നതുമായ വികസന മാതൃകകളും ഭാവിയിൽ ദോഷം ചെയ്യുമെന്നും എം.പി. പറഞ്ഞു. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി. കുര്യൻ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി.എൻ. വിദ്യാധരൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ പി.എൻ. രാമചന്ദ്രൻ, മാർ അഗസ്തിനോസ് കോളജ് മാനേജർ ഫാ. ബെർക്ക്മാൻസ് കുന്നപ്പുറം, പ്രിൻസിപ്പൽ ഡോ. ജോയ് ജേക്കബ്, ജില്ലാ ആർ.സി.എച്ച്. ഓഫീസർ ഡോ. കെ.ജി. സുരേഷ്, ബ്ലോക്ക് ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. വി.എൻ. സുകുമാരൻ ജില്ലാ മാസ് മീഡിയ ഓഫിസർ ഡോമി ജോൺ, ജില്ലാ പബ്ലിക് ഹെൽത്ത് നഴ്സ് നാൻസി വർഗീസ് എന്നിവർ പ്രസംഗിച്ചു.