വെല്ലുവിളികളെ സധൈര്യം നേരിട്ട ആത്മവിശ്വാസത്തോടെ, കോട്ടയത്തിന്റെ സ്വന്തം കളക്ടർക്ക് അക്ഷര നഗരിയുടെ യാത്രാ മംഗളങ്ങൾ!


കോട്ടയം: ഒരു വർഷക്കാലയളവിലെ സേവനങ്ങൾക്ക് ശേഷം അക്ഷര നഗരിയോട് വിട പറയാനൊരുങ്ങി കളക്ടർ വി.വിഘ്‌നേശ്വരി. കോട്ടയം ജില്ലയുടെ 48-ാമത് കളക്ടറായായിരുന്നു കഴിഞ്ഞ വർഷം ജൂൺ 8 നു വി. വിഘ്‌നേശ്വരി ചുമതലയേറ്റത്. അന്ന് മുതൽ ഇങ്ങോട്ട് വെല്ലുവിളികളെ സധൈര്യം നേരിട്ട വ്യക്തിത്വമായിരുന്നു വിഘ്‌നേശ്വരിയുടേത്.

 

 മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സംസ്കാര ചടങ്ങുകളുമായി ബന്ധപ്പെട്ട കാര്യങ്ങളിലും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലും കൃത്യമായ മേൽനോട്ടത്തോടെ കാര്യങ്ങൾ പ്രാവർത്തികമാക്കാൻ വിഘ്‌നേശ്വരിക്ക് കഴിഞ്ഞു. പൊതുവിപണിയിൽ ജില്ലയിലെ വിലക്കയറ്റം തടയുന്നതിനും അമിതവില-പൂഴ്ത്തി വയ്പ്പ് തടയുന്നതിനും പ്രത്യേക സ്ക്വാഡുകളുണ്ടാക്കി ശക്തമായ ഇടപെടൽ നടത്തി. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പും കോട്ടയത്തു കുറ്റമറ്റ രീതിയിൽ നടത്തുന്നതിനായി എല്ലാ പ്രവർത്തനങ്ങൾക്കും മേൽനോട്ടം വഹിച്ചതും വി.വിഘ്‌നേശ്വരിയാണ്. മധുര സ്വദേശിനിയും 2015 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥയായ വിഘ്‌നേശ്വരി കോട്ടയം ജില്ലാ കലക്ടറായിരുന്ന ഡോ.പി കെ ജയശ്രീ സർവീസിൽ നിന്നു വിരമിച്ച ഒഴിവിലാണ് കോട്ടയം ജില്ലയുടെ കലക്ടറായി എത്തിയത്. 2011-ൽ മധുര ത്യാഗരാജാർ കോളേജ് ഓഫ് എൻജിനീയറിങ് കോളേജിൽനിന്ന് സിവിൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയ വിഘ്‌നേശ്വരി ഒരുവർഷം ചെന്നൈ ടി.സി.എസിൽ അസിസ്റ്റന്റ് സിസ്റ്റം എൻജീയറായി ഒരുവർഷം ജോലിചെയ്തത്തിനു ശേഷമാണ് 2015-ൽ ഐ.എ.എസ്. നേടിയത്. കോഴിക്കോട് സബ് കളക്ടർ, കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി ഡയറക്ടർ, കോളേജിയേറ്റ് എഡ്യൂക്കേഷൻ ഡയറക്ടർ, കെ.ടി.ഡി.സി. മാനേജിങ് ഡയറക്ടർ തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്. എറണാകുളം കളക്ടർ എൻ.എസ്.കെ.ഉമേഷാണ്‌ വിഘ്‌നേശ്വരിയുടെ ഭർത്താവ്. ഇരുവരും തമിഴ്‌നാട് മധുര സ്വദേശികളാണ്.