മാലിന്യ സംസ്‌കരണത്തിൽ ജില്ലയെ ഒന്നാമതെത്തിക്കും: കെ.വി.ബിന്ദു.


കോട്ടയം: മാലിന്യസംസ്‌കരണ പ്രവർത്തനങ്ങളിൽ കോട്ടയം ജില്ലയെ ഒന്നാമതെത്തിക്കാൻ കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ ചേർന്ന തദ്ദേശ സ്വയം ഭരണ സ്ഥാപന അധ്യക്ഷന്മാരുടെ യോഗത്തിൽ ധാരണയായി.

 

 മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ രണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ചേർന്ന യോഗം ജില്ലാ ആസൂത്രണസമിതി അധ്യക്ഷയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ കെ.വി.ബിന്ദു ഉദ്ഘാടനം ചെയ്തു. കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ 2023-2024 വർഷത്തെ പ്രവർത്തനാവലോകനവും നടന്നു. ഹരിത കർമ്മസേനയുടെ പ്രവർത്തനം, തദ്ദേശ സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ, ഹരിത മിത്രം ആപ്ലിക്കേഷന്റെ ഉപയോഗം തുടങ്ങിയ വിവിധ ഘടകങ്ങൾ അധികരിച്ചുള്ള വിലയിരുത്തലിൽ  ഗ്രാമപഞ്ചായത്തുകളിൽ അയ്മനവും നഗരസഭകളിൽ ചങ്ങനാശ്ശേരിയും ഒന്നാം സ്ഥാനത്തെത്തി. തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ഷാജി ക്ലമന്റ്, ശുചിത്വമിഷൻ കോർഡിനേറ്റർ ലക്ഷ്മി പ്രസാദ്, ക്യാമ്പയിൻ കോർഡിനേറ്റർ ടി.പി. ശ്രീശങ്കർ എന്നിവർ അവതരണം നടത്തി. ക്യാമ്പയിൻ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തുന്നതിനായി ചൊവ്വ, ബുധൻ ദിവസങ്ങളിൽ നഗരസഭകളിലെ ഉദ്യോഗസ്ഥർക്കും റിസോഴ്‌സ് പേഴ്‌സൺമാർക്കും ചൈതന്യ പാസ്റ്റർ സെന്ററിൽ ശിൽപശാല സംഘടപ്പിച്ചു. ബ്ലോക്കുതല ഉദ്യോഗസ്ഥർക്കും റിസോഴ്‌സ് പേഴ്‌സൺമാർക്കുമുള്ള ശിൽപശാല ജൂലൈ 11,12 തീയതികളിൽ നടക്കും. കുടുംബശ്രീ, ഹരിത കേരള മിഷൻ, ശുചിത്വ മിഷൻ കില തുടങ്ങിയ വിവിധ ഏജൻസികളിലെ ചുമതലക്കാരും ഉദ്യോഗസ്ഥരും റിസോഴ്‌സ് പേഴ്‌സൺ മാരും പങ്കെടുക്കും. തുടർന്ന് ബ്ലോക്ക് തലത്തിലും നഗരസഭാ തലത്തിലും പ്രത്യേകം ശിൽപശാലകൾ നടത്തും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷൻ സെക്രട്ടറിയും തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡന്റുമായ അജയൻ കെ മേനോൻ, പ്രോജക്ട് ഡയറക്ടർ ബെവിൻ ജോൺ വർഗ്ഗീസ്, എ.ഡി.സി. ജനറൽ ജി. അനീസ്, അസിസ്റ്റന്റ് ഡയറക്ടർ സി.ആർ. പ്രസാദ്, കിലാ ജില്ലാ ഫെസിലിറ്റേറ്റർ ബിന്ദു അജി, കെ.എസ്.ഡബ്ല്യു.എം.പി, ജില്ലാ ഡെപ്യൂട്ടി കോർഡിനേറ്റർ റീനു ചെറിയാൻ, ഐ.കെ.എം. ജില്ലാ ടെക്‌നിക്കൽ ഓഫീസർ അനീഷ്യ, കില റിസോഴ്‌സ് പേഴ്‌സൺ സുനി പി. മാത്യു, ശുചിത്വ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ ജയകൃഷ്ണൻ, പ്രോഗ്രാം ഓഫീസർ നോബിൾ ജോസ് എന്നിവർ പങ്കെടുത്തു.