കോട്ടയം: കോട്ടയത്ത് താറാവ് കർഷകൻ മുങ്ങി മരിച്ചു. പടിയറക്കടവ് സ്വദേശി തേവരകുന്നേൽ സദാനന്ദൻ (65) ആണ് കോട്ടയം പനച്ചിക്കാട് മാളികക്കടവിൽ മുങ്ങി മരിച്ചത്. താറാവുകളെ പാടത്തിറക്കിയ ശേഷം വള്ളത്തിൽ പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്.
വ്യാഴാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്. മൃതദേഹം ചങ്ങനാശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അഗ്നിരക്ഷാ സേനയും പൊലീസും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സ്ഥിരമായി താറാവുകളെ പാടത്തിറക്കുന്നയാളാണ് സദാനന്ദനെന്നും തിരികെ കരയിലേക്ക് കയറുന്നത് വള്ളത്തിലാണെന്നും നാട്ടുകാർ പറയുന്നു. എന്നാൽ വള്ളം എങ്ങനെയാണ് മറിഞ്ഞതെന്ന കാര്യത്തിൽ വ്യക്തതയില്ല എന്നും നാട്ടുകാർ പറഞ്ഞു.