മടപ്പള്ളി: മാടപ്പള്ളി പഞ്ചായത്ത് പങ്കിപ്പുറം സ്റ്റേഡിയം ആധുനിക നിലവാരത്തിലേക്ക്. കോട്ടയം ജില്ലാ പഞ്ചായത്തിൻ്റെ 2023-24 പദ്ധതിയിൽ ഉൾപെടുത്തി പഞ്ചായത്ത് സ്റ്റേഡിയതിൻ്റെ നിലവാരം മെച്ചപ്പെടുത്താൻ കോട്ടയം ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ മഞ്ജു സുജിത്ത് അനുവദിച്ച 15 ലക്ഷം രൂപ ഉപയോഗിച്ച് ആദ്യ ഘട്ടം എന്ന നിലയിൽ മട് കോർട്ട് നിർമ്മിച്ചു.
മികച്ച നിലവാരമുള്ള ഫുട്ബോൾ ഗ്രൗണ്ട് നിർമാണം നടത്താനാണ് പദ്ധതി വെച്ചിട്ടുള്ളത്. ആദ്യപടി എന്ന നിലയിൽ പഞ്ചായത്ത് അസിസ്റ്റൻ്റ് എൻജിനീയറുടെ നേതൃത്വത്തിൽ ലെവൽസ് നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു. ക്രിക്കറ്റിൻ്റെ പ്രാധാന്യം കുറയാതെ മികച്ച നിലവാരമുള്ള പിച്ചും ഒരുക്കും. പവലിയനിലേക്കും ഓഫീസിലേക്കും ഇലക്ട്രിഫിക്കേഷൻ നടത്താനും ടോയ്‌ലറ്റ് അറ്റകുറ്റപ്പണികളും കിണർ വൃത്തിയാക്കുന്നതിനും പഞ്ചായത്തും തുക വകയിരുത്തിയിട്ടുണ്ട്. സ്റ്റേഡിയത്തിൻ്റെ കൂടുതൽ വികസന പ്രവർത്തനത്തിനും നവീകരണത്തിനും കൂടുതൽ തുക നേടിയെടുക്കാനുള്ള പ്രവർത്തനങ്ങളും നടത്തി വരികയാണ്.