ഈരാറ്റുപേട്ട മൂന്നിലവ് പഞ്ചായത്തിലെ കടവുപുഴ ഭാഗത്തുള്ള മീനിച്ചിലാറിൻ്റെ കൈവഴിയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കൊല്ലം ഈസ്റ്റ് കല്ലട സ്വദേശിയായ വിമലാ സദനത്തിൽ യേശുദാസിന്റെ മകൻ അഖിൽ (27) ആണ് മരിച്ചത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടു കൂടിയാണ് അപകടം ഉണ്ടായത്. സുഹൃത്തുക്കൾക്കൊപ്പം വിനോദ സഞ്ചാര കേന്ദ്രങ്ങൾ കാണാനെത്തിയതായിരുന്നു യുവാവ്. അഖിലും സുഹൃത്തുക്കളായ അഞ്ചുപേരും ഇല്ലിക്കകല്ല്, പൂഞ്ചിറ എന്നീ സ്ഥലങ്ങൾ സന്ദർശിച്ച ശേഷം മൂന്നിലവ് കടവുപുഴ ആറിൽ കുളിക്കാനിറങ്ങിയതായിരുന്നു. വഴുക്കലുള്ള പാറയിൽനിന്നു തെന്നി ഒഴുക്കിൽപെടുകയായിരുന്നു. ഈരാറ്റുപേട്ടയിൽ നിന്നും അഗ്നിരക്ഷാസേനയും സന്നദ്ധപ്രവർത്തകരും എത്തിയാണു മൃതദേഹം പുറത്തെടുത്തത്.