കാഴ്ചപരിമിതിയുള്ളവർക്കായുള്ള ഒളശ്ശ ഗവൺമെന്റ് ഹൈസ്‌കൂളിൽ പുതിയ കെട്ടിടം തുറന്നു.


കോട്ടയം: കാഴ്ചപരിമിതിയുള്ളവർക്കായുള്ള ഒളശ്ശ ഗവൺമെന്റ് ഹൈസ്‌കൂളിൽ 40 ലക്ഷം രൂപ ചെലവിൽ കോട്ടയം ജില്ലാ പഞ്ചായത്ത് നിർമിച്ചുനൽകിയ കെട്ടിടം സഹകരണ-തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു.

 

 സ്‌കൂൾതല പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. സ്‌കൂളിനെ മികവിന്റെ കേന്ദ്രമായി ഉയർത്തുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും വിദ്യാർഥികളുടെ ബോർഡിങ് അലവൻസ് വർധിപ്പിക്കുന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  കെ.വി. ബിന്ദു അധ്യക്ഷത വഹിച്ചു. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജൻ, അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.ജെ. ജോയി, സ്‌കൂൾ ഹെഡ്മാസ്റ്റർ ഇ.ജെ. കുര്യൻ, പി.ടി.എ. പ്രസിഡന്റ് പി. ജയകുമാർ, സീനിയർ അസിസ്റ്റന്റ് എസ്. ശ്രീലതാകുമാരി എന്നിവർ പ്രസംഗിച്ചു. കാഴ്ചവൈകല്യമുള്ള കുട്ടികൾക്കുവേണ്ടി പൂർണമായും സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്നതുമായ കേരളത്തിലെ ഏക ഹൈസ്‌കൂളാണ് ഒളശ്ശയിലേത്.