മണിക്കൂറുകൾ നീണ്ട വിലാപയാത്ര, തിരുവനന്തപുരം മുതൽ പുതുപ്പള്ളി വരെ വഴി നീളെ അന്തിമോപചാരമർപ്പിക്കാനായി കണ്ണീരണിഞ്ഞു മണിക്കൂറുകളോളം കാത്തു നിന്ന് ജനസാഗരം,


കോട്ടയം: ജീവിച്ചിരുന്നപ്പോഴുള്ള ഉമ്മന്‍ ചാണ്ടിയേക്കാള്‍ ശക്തനാണ് മരണശേഷമുള്ള ഉമ്മന്‍ ചാണ്ടിയെന്ന് തെളിയിക്കുന്നതായിരുന്നു തിരുവനന്തപുരത്തു നിന്നും പുതുപ്പള്ളിയിലേക്കുള്ള വിലാപയാത്ര. എല്ലാവരുടെയും കണക്കുകൂട്ടലുകളും സമയക്രമങ്ങളും തെറ്റിച്ചായിരുന്നു പുതുപ്പള്ളിയുടെ സ്വന്തം ജനനായകന്റെ വിലാപയാത്ര.

 

 താൻ ജീവനേക്കാളേറെ സ്നേഹിച്ച പുതുപ്പള്ളിയെയും കേരള ജനതയെയും ആദ്യമായി കരയിപ്പിച്ച ദിനങ്ങളായിരുന്നു അത്. ബെംഗളൂരുവിൽ നിന്നും പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിച്ച ഭൗതിക ശരീരം തിരുവനന്തപുരത്തെ പുതുപ്പള്ളി വീട്ടിൽ എത്തിച്ച ശേഷം നാലു മണിയോടെ സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിലും തുടർന്ന് സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിലും പൊതുദർശനത്തിനു വെച്ചിരുന്നു. കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിലും പൊതുദർശനത്തിനു സൗകര്യമൊരുക്കിയിരുന്നു. 



പിറ്റേന്നാണ്‌ തിരുവനന്തപുരത്തു നിന്നും പുതുപ്പള്ളിയിലേക്ക് വിലാപയാത്ര ആരംഭിച്ചത്. കോട്ടയത്തും പുതുപ്പള്ളിയിലും പൊതുദർശനത്തിനു സൗകര്യമൊരുക്കിയിരുന്നു. ഇരുസ്ഥലങ്ങളിലെയും പൊതുദർശനത്തിനു ശേഷം പിറ്റേദിവസം സംസ്കാര ചടങ്ങുകൾ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ എല്ലാവരുടെയും കണക്കുകൂട്ടലുകളും സമയക്രമങ്ങളും തെറ്റിച്ചാണ് വിലാപയാത്ര പുതുപ്പള്ളിയിലേക്ക് എത്തിയത്. പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞിന്റെ മരണ വാർത്തയറിഞ്ഞു പുതുപ്പള്ളിയിലെ കരോട്ട് വള്ളക്കാലിൽ വീട്ടിൽ വീട്ടുമുറ്റത്തെത്തിയവരുടെ കണ്ണുകൾ നിറഞ്ഞു. ഏതൊരാവശ്യത്തിനും ഏതു സമയത്തും ആർക്കും സഹായത്തിനായി ഓടിയെത്താവുന്ന വീടായിരുന്നു ഉമ്മൻ ചാണ്ടിയുടേത്. വാർത്തയറിഞ്ഞവർ പലരും വിങ്ങിപ്പൊട്ടി, കരച്ചിലടക്കാൻ പാടുപെടുന്നവർ അതിലേറെ, അതായിരുന്നു പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞെന്ന ഉമ്മൻ ചാണ്ടിയും ചാണ്ടി സാറും. അന്ത്യവിശ്രമത്തിന് കുടുംബ കല്ലറയ്ക്ക് പകരം പുതുപ്പള്ളി പള്ളിയിൽ പ്രത്യേക കല്ലറയൊരുക്കിയിരുന്നു. പുതുപ്പള്ളി പള്ളി മാനേജിംഗ് കമ്മിറ്റി യോഗത്തിന്റെ തീരുമാനപ്രകാരമാണ് കരോട്ട് വള്ളകാലിൽ കുടുംബത്തിന്റെ കുടുംബ കല്ലറ നിലനിൽക്കെ പ്രത്യേകം കല്ലറ ഒരുക്കിയത്. കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂര്‍, കൊട്ടാരക്കര, അടൂര്‍, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല,ചങ്ങനാേശരി, കോട്ടയം വഴി വിലാപയാത്ര പുതുപ്പള്ളിയിലെത്തെത്തിയപ്പോൾ വിലാപയാത്ര കടന്നു വന്ന വഴികളിൽ കണ്ണീരോടെ രാത്രിയെ പകലാക്കി ജനസാഗരങ്ങളാണ് കാത്തു നിന്നത്. പ്രത്യേകം തയ്യാറാക്കിയ കെ എസ് ആർ ടി ബസ്സിലായിരുന്നു ഏറ്റവും കൂടുതൽ കാർ യാത്ര ചെയ്ത എംസി റോഡിലൂടെ ജന്മനാട്ടിലേക്ക് ഉമ്മൻ ചാണ്ടിയുടെ അവസാന മടക്കം. അക്ഷരാർത്ഥത്തിൽ കണ്ണീർക്കടലായി മാറിയിരുന്നു എം സി റോഡ്. പൂക്കള്‍ അര്‍പ്പിച്ചും കൈകള്‍ കൂപ്പിയും ചിത്രങ്ങളുമായും സ്മരണാഞ്ജലികള്‍ അര്‍പ്പിച്ചു ജനം പാതയോരത്ത് കാത്തു നിന്നത്. 



ജനങ്ങൾക്കിടയിൽ ജീവിച്ച നേതാവിന്റെ അവസാനയാത്രയും ജനങ്ങൾക്ക് നടുവിലൂടെയായിരുന്നു. എപ്പോൾ കണ്ടാലും പുഞ്ചിരിയോടെയുള്ള മുഖവും അടുത്ത് എത്തുന്നവരുടെ ആവശ്യങ്ങൾ അന്വേഷിച്ചും കടന്നു പോയ ഉമ്മൻ ചാണ്ടി പക്ഷെ അന്ന് പുഞ്ചിരിയില്ലാതെ ആരുടേയും ശബ്ദം കേൾക്കാതെയാണ് കടന്നു പോയത്. പുതുപ്പള്ളിയിലെ ഒരു സാധാരണക്കാരനിൽ നിന്നും കേരളത്തിന്റെ അമരക്കാരനായി മാറിയ ജനപ്രിയ നേതാവ്, ജനകീയനായ ജനങ്ങളിൽ ഒരാളായി ജനങ്ങൾക്കൊപ്പമുണ്ടായിരുന്ന തങ്ങളുടെ സ്വന്തമായിരുന്ന കുഞ്ഞൂഞ്ഞിനെ അവസാനമായി ഒരു നോക്ക് കാണാനായി തിരുനക്കര മൈതാനത്ത് ഉറങ്ങാതെ കാത്തിരുന്നത് ആയിരങ്ങളാണ്. 



ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ചങ്ങനാശ്ശേരിയിൽ എത്തിയപ്പോൾ കനത്ത മഴയെ പോലും അവഗണിച്ചു രാത്രി വെളുക്കോളം കാത്തിരിക്കുകയായിരുന്നു ജനങ്ങൾ. എം സി റോഡിനെ കണ്ണീർക്കടലാക്കി ജനസാഗരം തീർത്താണ് വിലാപയാത്ര കോട്ടയത്തേക്ക് കടന്നു വന്നത്. 



തിരുവനന്തപുരത്ത് നിന്ന് കോട്ടയം വരെ 24 മണിക്കൂർ നീണ്ട വിലാപ യാത്ര. ഉമ്മൻ ചാണ്ടി വിട പറഞ്ഞതും ചരിത്രം രചിച്ചു കൊണ്ടാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പതിനായിരക്കണക്കിനാളുകളാണ് കോട്ടയത്തേക്ക് ഒഴുകിയെത്തിയത്.