പുതുപ്പള്ളിയുടെ സ്വന്തം കുഞ്ഞൂഞ്ഞ്, ജനഹൃദയങ്ങൾ കീഴടക്കിയ ജനകീയനായ നേതാവ്, ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾക്ക് ഒരു വയസ്സ്!


പുതുപ്പള്ളി: ജനഹൃദയങ്ങൾ കീഴടക്കിയ ജനകീയനായ നേതാവ്, പുതുപ്പള്ളിയുടെ സ്വന്തം കുഞ്ഞൂഞ്ഞ്, ഉമ്മൻ ചാണ്ടിയുടെ വേർപാടിന് ഒരു വയസ്സ്. ഇന്നും പുതുപ്പള്ളിക്കാരുടെയും കോട്ടയംകാരുടെയും മനസ്സുകളിൽ മാത്രമല്ല കേരളത്തിലെ ഓരോ ജന്മനസ്സുകളിലും ഓർമ്മയിലുണ്ട് ഉമ്മൻ ചാണ്ടി. രാവിലെ ഏഴിന് പുതുപ്പള്ളി പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കബറിടത്തിൽ പ്രാർഥന.

 

 പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി അങ്കണത്തിൽ രാവിലെ 11ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അധ്യക്ഷത വഹിക്കും. ഓഗസ്റ്റ് 26 വരെ സംസ്ഥാനത്തൊട്ടാകെ അനുസ്മരണ ചടങ്ങുകളുണ്ട്. അർബുദത്തിന് ചികിത്സയിലിരിക്കെ ബെംഗളൂരുവിലെ ആശുപത്രിയിൽ വെച്ചായിരുന്നു മരണം സംഭവിച്ചത്. 79 വയസ്സായിരുന്നു. 2004-06, 2011-16 കാലങ്ങളിൽ കേരളത്തിന്റെ മുഖ്യമന്ത്രിയായി. 1943 ഒക്ടോബർ 31 ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ.ഒ.ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി കോട്ടയം ജില്ലയിലെ കുമരകത്താണ് ഉമ്മൻ ചാണ്ടി ജനിച്ചത്. പുതുപ്പള്ളി എംഡി സ്കൂൾ, സെന്റ് ജോർജ് ഹൈസ്കൂൾ, കോട്ടയം സിഎംഎസ്. കോളജ്, ചങ്ങനാശേരി എസ്ബി കോളജ്, എറണാകുളം ലോ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1970 ൽ, 27 ാം വയസ്സിൽ പുതുപ്പള്ളിയിൽനിന്ന് ആദ്യമായി നിയമസഭയിലെത്തി. സിപിഎമ്മിന്റെ സിറ്റിങ് സീറ്റായിരുന്ന പുതുപ്പള്ളിയിൽ അന്നത്തെ എംഎൽഎ ഇ.എം. ജോർജിനെയാണ് പരാജയപ്പെടുത്തിയത്. അഞ്ച് പതിറ്റാണ്ടായി പുതുപ്പള്ളിയിലെ എംഎൽഎയായിരുന്നു. 2004ലാണ് ഉമ്മൻ ചാണ്ടി ആദ്യം മുഖ്യമന്ത്രിയാകുന്നത്. പാർലമെന്റ് തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയെ തുടർന്ന് എ കെ ആന്റണി രാജിവെച്ചതിനെ തുടർന്നാണ് ഉമ്മൻചാണ്ടി 2004-ൽ മുഖ്യമന്ത്രിയാകുന്നത്. 2006 വരെ മുഖ്യമന്ത്രിയായി. തുടർന്ന് അഞ്ച് വർഷം പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചു. പിന്നീ‌ട് 2011ൽ വീണ്ടും മുഖ്യമന്ത്രിയായി തിരിച്ചെത്തി. രണ്ട് സീറ്റിന്റെ ഭൂരിപക്ഷത്തിൽ അധികാരത്തിലേറിയ സർക്കാറിനെ ഉമ്മൻ ചാണ്ടിയുടെ നയതന്ത്ര വൈദ​ഗ്ധ്യമായിരുന്നു അഞ്ച് വർഷം പൂർത്തിയാക്കാൻ സഹാ‌യിച്ചത്. ഭരണത്തിന്റെ അവസാന നാളുകളിൽ സോളാർ, ബാർ വിവാ​ദം സംസ്ഥാനത്തെ പിടിച്ചുലച്ചു. വിടവാങ്ങിയത് ജനകീയൻ എന്ന പദത്തിന് ജീവിതം കൊണ്ട് അർഥം രചിച്ച കേരളത്തിന്റെ സ്വന്തം നേതാവായിരുന്നു.