''പെയ്തുതോരാത്ത മഴയുടെ ഏതോ സുന്ദരദൃശ്യം തേടി ആ കണ്ണുകൾ പോയത് മരണത്തിന്റെ മോഹിപ്പിക്കുന്ന നിശ്ശബ്ദതയിലേയ്ക്കായിരുന്നു'' മഴയെ പ്രണയിച്ച ഫോട്ടോഗ്രാഫർ, വി


കോട്ടയം: ''പെയ്തുതോരാത്ത മഴയുടെ ഏതോ സുന്ദരദൃശ്യം തേടി ആ കണ്ണുകൾ പോയത് മരണത്തിന്റെ മോഹിപ്പിക്കുന്ന നിശ്ശബ്ദതയിലേയ്ക്കായിരുന്നു'', വിക്ടർ ജോർജ് ഓർമ്മകളിലേക്ക് മറഞ്ഞിട്ട് ഇന്ന് 23 വർഷം. 2001 ജൂലൈ ഒമ്പതിന് പ്രകൃതിക്ഷോഭത്തിന്റെ ചിത്രം പകർത്തുന്നതിനിടെ ഉരുൾപൊട്ടലിൽപെട്ടാണ് വിക്ട്ർ ജോർജ് മരിച്ചത്.

 

 മഴ ചിത്രങ്ങളെ ഏറെ പ്രണയിച്ച ഫോട്ടോഗ്രാഫറായിരുന്നു കോട്ടയം കാണക്കാരി സ്വദേശിയായ വിക്ടർ ജോർജ്. എല്ലാ മഴക്കാലമെത്തുമ്പോഴും ഓർമ്മകളിൽ നോവ് പടർത്തി വിക്ടർ ജോർജ്ജിനെ ഓർക്കാത്ത മലയാളികളുണ്ടാവില്ല.  ജോലിക്കിടെ മരണം കവര്‍ന്ന ആദ്യ മലയാളി പത്രപ്രവര്‍ത്തകനാണ് വിക്ടര്‍ ജോര്‍ജ്. അച്ചടി മാധ്യമങ്ങൾ അരങ്ങു വാണിരുന്ന സമയങ്ങളിൽ ഇന്നത്തെ പോലെ സമൂഹമാധ്യമങ്ങളോ ഓൺലൈൻ മാധ്യമങ്ങളോ ഇല്ലാതിരുന്ന സമയങ്ങളിൽ വാർത്തകൾക്കൊപ്പം ഒരു വലിയ കഥയോ സന്ദേശമോ പകർന്നു നൽകുന്ന ഒരു ചിത്രമായിരുന്നു വിക്ടർ ജോർജ്ജ് മലയാള മനോരമയ്ക്ക് എടുത്തു നൽകിയിരുന്നത്. ഇടുക്കിയിലെ വെള്ളിയാനി മലയിലെ ഉരുൾപൊട്ടലിന്‍റെ ചിത്രങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് വിക്ടർ ജോർജ്ജിനെ മരണം കവർന്നെടുത്തത്. ഉരുൾപൊട്ടലിന്റെ രൗദ്രഭാവങ്ങൾ അദ്ദേഹം തന്റെ ക്യാമറയിൽ പകർത്തിയിരുന്നു. മണ്ണിനടിയിൽപെട്ട് കാണാതായ വിക്ടർ ജോർജിന്റെ മൃതശരീരം നീണ്ട തിരച്ചിലിനൊടുവിൽ രണ്ടാം ദിവസമാണ് കണ്ടെത്തിയത്. സമീപത്ത് നിന്ന് വിക്ടറിന്റെ സന്തത സഹചാരിയായിരുന്ന നിക്കോൺ എഫ്ഐ ക്യാമറയും കണ്ടെടുത്തിരുന്നു. മരണശേഷം വിക്ടറിന്റെ മഴചിത്രങ്ങളുടെ ആൽബം പുറത്തിറക്കി മനോരമ ആ അതുല്യ ഫോട്ടോഗ്രാഫർക്ക് സ്മാരകം ഒരുക്കിയിരുന്നു. മലയാള മനോരമയിലെ ചീഫ് ഫോട്ടോഗ്രാഫറായിരുന്നു വിക്ടർ ജോർജ്. 1955 ഏപ്രിൽ 10-നു കോട്ടയം ഏറ്റുമാനൂരിനടുത്തുള്ള കാണക്കാരിയിലാണ് വിക്ടർ ജോർജ്ജ് ജനിച്ചത്. വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബിരുദമെടുത്ത വിക്ടറിന്റെ മകൻ നീൽ വിക്ടറും ഫോട്ടോ​ഗ്രാഫറാണ്.