റബ്ബർ വില 200 കടന്നപ്പോൾ കർഷകർക്ക് 180 രൂപ മിനിമം വില ഉറപ്പാക്കുന്ന പ്രോൽസാഹന പദ്ധതിയുമായി സംസ്ഥാന സർക്കാർ രംഗത്ത് വന്നത് പരിഹാസ്യം: എൻ ഹരി.


കോട്ടയം: റബ്ബർ വില 200 കടന്നപ്പോൾ കർഷകർക്ക് 180 രൂപ മിനിമം വില ഉറപ്പാക്കുന്ന പ്രോൽസാഹന പദ്ധതിയുമായി സംസ്ഥാന സർക്കാർ രംഗത്ത് വന്നത് പരിഹാസ്യമാണ് എന്ന് ബിജെപി മധ്യമേഖലാ പ്രസിഡണ്ടും റബ്ബർ ബോർഡ് എക്സിക്യൂട്ടീവ് മെമ്പറുമായ എൻ ഹരി പറഞ്ഞു.

 

 കേരളത്തിലെ കർഷക സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതിനു മാത്രമേ ഇതു കൊണ്ടു കഴിയൂ. വില ഉയർന്നു നിൽക്കുമ്പോൾ അതിലും താഴ്ന്ന മിനിമം വില ഉറപ്പാക്കുന്നതിലൂടെ കൈ നനയാതെ നേട്ടം കൊയ്യാനാണ് സർക്കാർ അജണ്ട. വില കൂപ്പുകുത്തിയപ്പോൾ അനങ്ങപ്പാറ നയം സ്വീകരിക്കുകയായിരുന്നു സംസ്ഥാന സർക്കാർ. കേന്ദ്രസർക്കാർ ഇടപെടലിലൂടെ വില ഉയർന്നു തുടങ്ങിയപ്പോൾ കർഷക സ്നേഹവുമായി സംസ്ഥാന സർക്കാരും മുന്നോട്ടു വന്നിരിക്കുകയാണ്. 2024 ലെ ഏറ്റവും വലിയ തമാശയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. റബ്ബർ വില  ഉയർന്നു നിൽക്കുന്നതിനാൽ സംസ്ഥാന സർക്കാരിന് ഒരു രൂപ പോലും കർഷകന് നൽകേണ്ടി വരില്ല. ഇതിനായി മാറ്റി വച്ച തുക ഖജനാവിൽ നീക്കിയിരിപ്പാവുകയും ചെയ്യും. റബ്ബർ വില 170 ൽ നിന്നു താഴ്ന്നപ്പോൾ ആശ്വാസം തേടിയ കർഷകർക്ക് അന്ന്  ഓൺലൈനിൽ രജിസ്റ്റർ ചെയ്യാൻ പോലും കഴിഞ്ഞില്ല. സെർവർ തകരാറാണ് അന്ന് ചൂണ്ടിക്കാട്ടിയത്. ആ സാങ്കേതിക പ്രശ്നം പരിഹരിച്ചിട്ടുണ്ടോ എന്ന് ആദ്യം വ്യക്തമാക്കണം. ഗുണഭോക്താക്കളാവുന്ന നാമം മാത്രകർഷകരെ വീണ്ടും  കബളിപ്പിക്കരുത്. റബ്ബർ കർഷക പ്രശ്നം പൊതു വേദിയിൽ ഉന്നയിച്ചപ്പോൾ ജനപ്രതിനിധിയെ വിരട്ടിയ മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത് എന്നും എൻ ഹരി പറഞ്ഞു. 200 രൂപ കുറഞ്ഞ വിലയാക്കുമെന്ന് വ്യാമോഹിപ്പിച്ച  സർക്കാർ 10 രൂപയാണ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വർദ്ധിപ്പിച്ച് 180 ലാക്കിയത്. ന്യായമായ വില ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരളസർക്കാർ നടപ്പാക്കിവരുന്ന റബ്ബറുത്പാദന പ്രോത്സാഹന പദ്ധതിയുടെ പത്താംഘട്ടമാണ് ആരംഭിച്ചത്. റബ്ബറിന് (ആർഎസ്.എസ്-4) കിലോഗ്രാമിന് കുറഞ്ഞത് 180 രൂപ ഉറപ്പാക്കുന്നതാണ് പദ്ധതി എന്നും എൻ ഹരി പറഞ്ഞു.