കോട്ടയം: പഴമയുടെ ആ കാലം കാണാം സംക്രാന്തി-പാക്കിൽ സംക്രമവാണിഭത്തിൽ. പറയിപെറ്റ പന്തിരുകുലത്തിലെ പാക്കനാരുടെ സ്മരണ പുതുക്കി പാക്കിൽ സംക്രമം നടന്നുകൊണ്ടിരിക്കുന്നു. പാക്കിൽ ശ്രീധർമശാസ്താ ക്ഷേത്രമൈതാനത്ത് ഇനി ഒരുമാസക്കാലം പഴമയുടെയും കാർഷിക സംസ്കാരത്തിന്റെയും നേർകാഴ്ചകളുമായി വാണിഭം നടക്കും.
കൃഷിപ്പണിക്കുള്ള ആയുധങ്ങൾ തൊട്ട് പച്ചക്കറി തൈകളും വിത്തുകളും പൂച്ചെടികളും തെങ്ങിൻതൈവരെയും ഇന്നത്തെ തലമുറയ്ക്ക് പരിചിതമല്ലാത്ത വീട്ടുപകരണങ്ങളും വിവിധയിനം കുട്ടകളും മുറവും തഴപ്പായകളും ഒക്കെ സംക്രമ വാണിഭത്തിന്റെ മാറ്റുകൂട്ടുന്നു. ആധുനിക തലമുറയ്ക്ക് വേണ്ടുന്ന സാധനങ്ങളും ധാരാളമായുണ്ട്. കര്‍ക്കിടകം1 മുതല്‍ ചിങ്ങം വരെ നീളുന്ന വാണിഭ മേളയാണിത്. പഴമ തെറ്റാതെ ഐതിഹ്യ പൂർണ്ണമായി ഇന്നും വാണിഭം നടക്കുന്നത് പുതുതലമുറയ്ക്ക് അത്ഭുതമാണ്. പാക്കിലെ ക്ഷേത്രത്തില്‍ പരശുരാമന്‍ വിഗ്രഹം പ്രതിഷ്ഠിക്കാന്‍ ശ്രമിച്ചിട്ടും ഉറപ്പിക്കാനായില്ലെന്നും അതുവഴി മുറം വില്‍ക്കാനെത്തിയ പാക്കനാര്‍ വിഗ്രഹം പിടിച്ചുറപ്പിച്ചെന്നുമാണ് വിശ്വാസം. 'ഇവിടെ പാര്‍ക്ക്' എന്നു പറഞ്ഞാണത്രേ പാക്കനാര്‍ വിഗ്രഹമുറപ്പിച്ചത്. പകരമായി എല്ലാ വര്‍ഷവും കര്‍ക്കിടകം1 മുതല്‍ ഇവിടെയെത്തി മുറം വില്‍ക്കാന്‍ പരശുരാമന്‍ പാക്കനാര്‍ക്ക് അനുമതി നല്‍കിയത്രെ. പാക്കനാരുടെ പിന്‍മുറക്കാര്‍ എത്തി തിരി തെളിച്ചാണ് പാക്കില്‍ വാണിഭം എല്ലാക്കൊല്ലവും ആരംഭിക്കുക. ഈറ്റ കൊണ്ടുള്ള ഉത്പന്നങ്ങള്‍ ക്ഷേത്രത്തില്‍ സമര്‍പ്പിച്ച ശേഷമാണ് വാണിഭത്തിന്റെ തുടക്കം. പണ്ട് കാലത്ത് മധ്യ തിരുവിതാംകൂറിലെ ഏറ്റവും വലിയ തുറന്ന വിപണിയായിരുന്നു പാക്കില്‍ സംക്രമ വാണിഭം. പായ, മുറം, കുട്ട, ചട്ടി, കലം, ചിരട്ടത്തവി തുടങ്ങി പഴമയുള്ള വീട്ടുപകരണങ്ങളും പുതിയ തലമുറയുടെ വീട്ടുപകരണങ്ങളും വാണിഭത്തിൽ ലഭ്യമാണ്. നാടൻ ഭക്ഷ്യ വസ്തുക്കളും ഇവിടെ ലഭ്യമാകും.