പള്ളിക്കത്തോട്: വിവിധയിനത്തിലുള്ള മുപ്പതിലധികം പശുക്കൾ, ഒപ്പം താറാവും കോഴിയും ഉൾപ്പടെ നിരവധി വളർത്തു മൃഗങ്ങൾ, ഇവയെയെല്ലാം പേരെടുത്തു വിളിച്ചു പരിപാലിക്കുന്ന ഒൻപത് വയസ്സുകാരി, കൗതുകവും ഒപ്പം സന്തോഷവും പകരുന്ന മുകുന്ദയുടെ വിശേഷങ്ങളറിഞ്ഞ കേന്ദ്ര മന്ത്രി സുരേഷ് ഗോപി മുകുന്ദയ്ക്ക് നൽകിയ വാക്ക് പാലിച്ച് കോട്ടയത്ത് എത്തിയപ്പോൾ പള്ളിക്കത്തോട് ആനിക്കാട് മഹാലക്ഷ്മി ഗോശാലയിൽ സന്ദർശനം നടത്തി.
സമൂഹമാധ്യമങ്ങളിലൂടെ മുകുന്ദയുടെ വിശേഷങ്ങളറിഞ്ഞ സുരേഷ് ഗോപി കൊച്ചു മിടുക്കിയെ കാണാൻ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. തുടർന്ന് മുകുന്ദയും കുടുംബാംഗങ്ങളുമായി സംസാരിച്ച സുരേഷ് ഗോപി കോട്ടയത്തെത്തുമ്പോൾ നേരിൽ കാണാമെന്ന് മുകുന്ദയ്ക്ക് വാക്ക് നൽകിയിരുന്നു. തിരുമല ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലെ ഹനുമാൻ വാഹനത്തിന്റെ സമർപ്പണവുമായി ബന്ധപ്പെട്ടു കോട്ടയത്ത് എത്തിയ സുരേഷ് ഗോപി ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് ശേഷം പള്ളിക്കത്തോട് ആനിക്കാടുള്ള മഹാലക്ഷ്മി ഗോശാലയിൽ എത്തുകയായിരുന്നു. മുകുന്ദയ്ക്ക് പശുക്കുട്ടിയെയും സുരേഷ് ഗോപി സമ്മാനിച്ചു. ലഭിച്ച സമ്മാനത്തിൽ ഏറെ സന്തോഷവതിയായ മുകുന്ദ പശുക്കുട്ടിക്ക് രമണി എന്ന് പേരുമിട്ടു. പശുക്കളുടെ പേരും എത്തിച്ച സ്ഥലവും ഇനങ്ങളുമെല്ലാം ഏറെ വാചാലതയോടെ മുകുന്ദ പറഞ്ഞപ്പോൾ വലിയ കഥകൾ കേൾക്കുന്ന കൊച്ചുകുട്ടിയുടെ കൗതുകത്തോടെ സുരേഷ് ഗോപി കേട്ടിരിക്കുകയായിരുന്നു. ഗോശാല മുഴുവൻ ചുറ്റിക്കറങ്ങി വിശേഷങ്ങളും കാഴ്ചകളും മുകുന്ദ സുരേഷ് ഗോപിയെ കാണിച്ചു. പള്ളിക്കത്തോട് ആനിക്കാട് കയ്യൂരി രോഹിണിയിൽ ഹരിയുടെയും മീരയുടെയും മകളാണ് ആനിക്കാട് ഗവണ്മെന്റ് യു പി സ്കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനിയായ മുകുന്ദ.