മണിമല: നാടിനു ഏറെ പ്രിയങ്കരനാണ് വെള്ളാവൂർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് അംഗം ബിനോദ് ജി പിള്ള. തന്റെ വാർഡിലെ എല്ലാവർക്കും ഏറെ പ്രിയങ്കരൻ, ഏതൊരാവശ്യത്തിനും ഓടിയെത്തുന്ന വ്യക്തിത്വം.
45 വയസ്സ് കഴിഞ്ഞിട്ടും അവിവാഹിതനായി തുടരുകയായിരുന്ന ഗ്രാമപഞ്ചായത്ത് അംഗത്തെ വിവാഹിതനാക്കാനുറച്ചത് ഗ്രാമപഞ്ചായത്ത് ജീവനക്കാരും മറ്റു വാർഡ് അംഗങ്ങളും കൂടിയാണ്. ജീവിത സഖിയായി കണ്ടെത്തിയത് വെള്ളാവൂർ ഗ്രാമ പഞ്ചായത്തിലെ തന്നെ യു ഡി ക്ലർക്കും പാമ്പാടി പൂതക്കുഴി ശ്രീകൃഷ്ണ സദനത്തിൽ മൗഷ്മി ആർ നായരെയാണ്. ഇരുവരുടെയും വീട്ടുകാരുമായി സംസാരിച്ചതും വിവാഹം ഭംഗിയാക്കിയതും ഗ്രാമ പഞ്ചായത്ത് ജീവനക്കാരും മറ്റു വാർഡ് അംഗങ്ങളും ചേർന്നാണ്. മൗഷ്മിയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ആദ്യ വിവാഹത്തിലെ 20 കാരനായ മകനാണ് ഇരുവരുടെയും വിവാഹത്തിന് മുൻപിൽ ഉണ്ടായിരുന്നത്.