കോട്ടയം: വെറുമൊരു ചിത്രമായിരുന്നില്ല തന്റെ ക്യാമറയിൽ വിക്ടർ ജോർജ് പകർത്തിയത്, ജീവൻ തുടിക്കുന്ന ആയിരത്തിലധികം വാക്കുകൾക്കു തുല്യമായ വലിയ കഥകൾ പറയുന്ന ചിത്രമാണ് തന്റെ സന്തത സഹചാരിയായിരുന്ന നിക്കോൺ എഫ്ഐ ക്യാമറയിൽ പകർത്തിയത്. ഇന്നത്തെ പോലെ അഡ്വാൻസ്ഡ് ആയ ക്യാമറക് ഇല്ലാതിരുന്ന കാലത്ത് ജീവൻ തുടിക്കുന്ന ചിത്രങ്ങളാണ് വിക്ടർ ജോർജ് പകർത്തിയിരുന്നത്.
1955 ഏപ്രിൽ 10-നു കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിനടുത്തുള്ള കാണക്കാരി ഗ്രാമത്തിലാണ് വിക്ടർ ജോർജ്ജ് ജനിച്ചത്. തന്റെ സഹോദരനായിരുന്നു ഫോട്ടോഗ്രഫിയുടെ ആദ്യപാഠങ്ങൾ പഠിപ്പിച്ചുകൊടുത്തത്. ദേവമാത കോളജിൽ വിവിധ ബാച്ചുകളിൽ പഠിച്ച വിക്ടറിനെയും തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫിനെയും ഗായത്രി അശോകിനെയും ഒന്നിപ്പിച്ചത് കോളജിലെ സിനിമ ചർച്ചകളാണ്. കോളജ് പഠനത്തിന് ശേഷം ജർമ്മനിയിൽ പോകാനാണ് വിക്ടർ ഓട്ടോമൊബൈൽ മെക്കാനിസം പഠിക്കാൻ ചേർന്നത്. എന്നാൽ ഫൊട്ടോഗ്രഫിയിൽ വിക്ടറിനുള്ള കമ്പം തിരിച്ചറിഞ്ഞ ഈ സുഹൃത്തുക്കളാണ് അദ്ദേഹത്തെ ആ വഴിക്ക് തിരിച്ചുവിട്ടത്. ഒരു വിനോദമായി തുടങ്ങിയ ഫോട്ടോഗ്രഫി പിന്നീട് ഒരു മുഴുവൻ സമയ പ്രവൃത്തി ആയി മാറുകയായിരുന്നു. 1981-ൽ വിക്ടർ മലയാള മനോരമയിൽ ചേർന്നു. 1985 മുതൽ 1990 വരെ മനോരമയുടെ ഡെൽഹി ബ്യൂറോയിൽ പ്രവർത്തിച്ചു. വിക്‌ടർ മനോരമ ഫൊട്ടോഗ്രാഫറായി ഡൽഹിയിൽ ജോലി ചെയ്യുന്ന സമയത്തായിരുന്നു ഡെന്നിസിന്റെ ന്യൂഡൽഹിയുടെ ചിത്രീകരണം നടന്നത്. മലയാളത്തിൽ പൂർണ്ണമായി ഡൽഹിൽ ചിത്രീകരിക്കുന്ന ആദ്യ ചിത്രം ന്യൂഡൽഹിക്ക് പിന്നിൽ വിക്ടറും ഉണ്ടായിരുന്നു. വിക്ടറിന്റെ ബൈക്കിന്റെ പിറകിലിരുന്നാണ് ഡെന്നീസ് ജോസഫ് ഡൽഹിയിലെ പ്രധാന സ്ഥലങ്ങൾ എല്ലാം കണ്ടത്. ഇത് തിരക്കഥയ്ക്ക് നല്ല സഹായമായി എന്നും അദ്ദേഹം ഓർത്തെടുക്കുന്നു. 1986-ലെ ദേശീയ ഗെയിംസിന്റെ ചിത്രങ്ങൾ വിക്ടറിനെ അന്താരാഷ്ട്ര പ്രശസ്തനാക്കി. ഡൽഹിയിലെ നാഷണൽ ഗെയിംസിൽ നീന്തൽ മൽസരം നടക്കുമ്പോൾ അനിതാസൂദിന്റെ അമ്മ ഗാലറിയിൽ മകളെ മതിമറന്നു പ്രോൽസാഹിപ്പിക്കുന്ന ആ ചിത്രമായിരുന്നു പിറ്റേ ദിവസത്തെ ഏറ്റവും വലിയ വാർത്ത. ഈ ചിത്രത്തിന് 1986-ലെ പ്രസ് ഫൊട്ടോഗ്രഫേഴ്സ് അസോസിയേഷൻ അവാർഡും 87-ലെ സപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ അവാർഡും ലഭിച്ചു. അമ്മയുടെ ആവേശം എന്ന ആ ചിത്രം ബൾഗേറിയയിൽ നിന്നു ഗബറാവോയിലെ ഹൗസ് ഓഫ് ഹ്യൂമർ ആൻഡ് സറ്റയറിന്റെ ഹാസ്യചിത്രത്തിനുള്ള രാജ്യാന്തര അവാർഡും കരസ്ഥമാക്കി. കോൺഗ്രസിൽ മൂന്നാം ഗ്രൂപ്പ് ശക്തമായ സമയത്ത് കോട്ടയത്തെ കുറുപ്പന്തറയിൽ മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ ഭാഗവത കാസറ്റ് പ്രകാശനത്തിനെത്തിയ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരനും മൂന്നാം ഗ്രൂപ്പിന്റെ നേതാവ് രമേശ് ചെന്നിത്തല എം.പി.യും ഒരേ ഇലയിൽ പ്രഭാതഭക്ഷണം കഴിച്ചത് വികടറിന്റെ ക്യാമറ വിട്ടില്ല. ‘ഒരുമയുണ്ടെങ്കിൽ...’ എന്ന ആ വിക്ടറിന്റെ ചിത്രം മറ്റൊരു പ്രശസ്ത ചിത്രം ആണ്. 1984ലെ സിഎംഎസ് കോളജിലെ തിരഞ്ഞെടുപ്പ് ചിത്രം ‘പെങ്ങളേ ഒരു വോട്ട്’ വിക്ടറിന്റെ മറ്റൊരു പ്രശസ്ത ചിത്രം ആണ്. ചങ്ങനാശേരിയിൽ ട്രാഫിക് ഡ്യൂട്ടിയിൽ നിന്ന പൊലീസുകാരൻ വഴിയിൽ കണ്ട അനാഥ ബാലനു ഭക്ഷണം വാങ്ങിക്കൊടുക്കാൻ കൈപിടിച്ച് കൊണ്ടുപോകുന്ന ചിത്രം ഏറെ പ്രശംസ നേടി. സൗത്ത് ഏഷ്യൻ ഫെഡറേഷൻ ഗെയിംസിൽ (കൽക്കട്ട, 1989) ഇന്ത്യൻ റിലേ ടീം ബാറ്റൺ താഴെയിടുന്നതിന്റെ ചിത്രവും പ്രശസ്തമായിരുന്നു. 1990 മുതൽ വിക്ടർ മലയാള മനോരമ കോട്ടയം ബ്യൂറോയുടെ ചീഫ് ഫോട്ടോഗ്രാഫർ ആയിരുന്നു. വിക്ടറിന്റെ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങൾ പ്രശസ്തമായിരുന്നു. കോട്ടയം ജില്ലാ ആശുപത്രിയിൽ പേവിഷബാധ വന്ന് മരിക്കാറായ ഒരു കുഞ്ഞിന്റെ ചിത്രം വിക്ടർ എടുത്തത് നിസ്സഹായനായ കുട്ടി അച്ഛന്റെ കൈയിൽ ഇറുക്കിപ്പിടിക്കുന്നതിന്റെ ചിത്രമായിരുന്നു. കുഞ്ഞിന്റെ മുഖവും സംരക്ഷിക്കുവാനായി നീണ്ട പിതാവിന്റെ കരവും മാത്രമേ ആ ചിത്രത്തിൽ ഉണ്ടായിരുന്നുള്ളൂ. മലയാള മനോരമയുടെ ഭാഷാ സാഹിത്യമാസികയായ ഭാഷാപോഷിണിക്കുവേണ്ടി വിക്ടർ എടുത്ത കവികളുടെയും കലാകാരന്മാരുടെയും എഴുത്തുകാരുടെയും ചിത്രങ്ങൾ തന്റെ ചിത്രങ്ങളുടെ വിഷയമായ കലാകാരനുമായി ഒരേ ഈണത്തിൽ സ്പന്ദിക്കുവാനുള്ള വിക്ടറിന്റെ കഴിവിന് മകുടോദാഹരണമാണ്. പുതിയ നൂറ്റാണ്ട് പിറക്കുന്ന 2000 വർഷത്തിലെ ജനുവരി 01ന് മലയാള മനോരമയുടെ ഒന്നാം പേജിൽ മുഴുവനായും പ്രസിദ്ധീകരിച്ച ചിത്രം വിക്ടറെടുത്ത ഒരു അപൂർവ ചിത്രമായിരുന്നു. ഇത് ഇന്നും കോട്ടയം മലയാള മനോരമയുടെ കേന്ദ്ര ഓഫിസിന്റെ ഭിത്തിയിൽ ചില്ലിട്ടു സൂക്ഷിച്ചിരിക്കുന്നു. വളരെ ചെറിയ ഒരു കുട്ടിയുടെ കുഞ്ഞു കാലിൽ മുഖം നിറയെ പ്രായത്തിന്റെ ചുളിവുകളുള്ള ഒരു സ്ത്രീ ചുംബിക്കുന്ന ചിത്രമായിരുന്നു അത്. കുഞ്ഞു കാൽപാദവും അമ്മൂമ്മയുടെ മുഖവും മാത്രം ഉൾപ്പെടുത്തിയെടുത്ത ആ ചിത്രം ‘മുദ്രകൾ ചാർത്തുന്നു കാലം’ എന്ന തലക്കെട്ടോടെയാണ് പ്രസിദ്ധീകരിച്ചത്. അത്തരത്തിൽ മുഴു പേജായി പ്രസിദ്ധീകരിക്കുന്ന മലയാളം പത്രങ്ങളിലെ ആദ്യ ചിത്രമായിരുന്നു അത്. കോട്ടയത്ത് കുറച്ചുനാൾ പത്രത്തിൽ പ്രവർത്തിച്ചതിനു ശേഷം വിക്ടർ തന്റെ ശ്രദ്ധ പ്രകൃതി ഛായാഗ്രഹണത്തിലേക്ക് തിരിച്ചു. പ്രകൃതിയുടെ ആക്രമണത്തിനു വിധേയമായ പരിസ്ഥിതിയും മനുഷ്യന്റെ ദുരയും വിക്ടറിന്റെ ഛായാചിത്രങ്ങൾക്ക് വിഷയങ്ങളായി. കുട്ടനാട്ടിലെ കായലുകള്‍, ഭാരതപ്പുഴ, വന്യജീവികൾ (പ്രത്യേകിച്ചും പാമ്പുകൾ), ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തിന്റെ പശ്ചാത്തല ചിത്രീകരണം, കേരളത്തിലെ മൺസൂൺ എന്നിവ വിക്ടറിന്റെ പ്രിയപ്പെട്ട വിഷയങ്ങളായി. സാധാരണ ആംഗിളുകളിൽ ഒരിയ്ക്കലും വിക്ടർ തൃപ്തനായില്ല. ഇന്ത്യൻ മണ്സൂണിനെക്കുറിച്ചുള്ള അലക്സാണ്ടർ ഫ്രേസറുടെ ‘ചേസിംഗ് ദ മൺസൂൺ’ എന്ന പുസ്തകം വിക്ടറിനെ വല്ലാതെ സ്വാധീനിച്ചിരുന്നു.തൊണ്ണൂറുകളിൽ മനോരമയുടെ ചീഫ്ന്യൂസ് ഫോട്ടോഗ്രാഫർ ആയിരുന്ന വിക്ടർ സിഖ് കലാപക്കാഴ്ച്ചകളിൽ മനം മടുത്ത് ഒരു ആശ്വാസമെന്നോണം തന്റെ കാമറ പ്രകൃതിയിലേയ്ക്ക് തിരിച്ച് വയ്ക്കുകയായിരുന്നു. രണ്ടുവർഷത്തോളം റെയിൻ ബുക്ക് എന്ന തന്റെ മഴപ്പുസ്തകത്തിന്റെ പണിപ്പുരയിലായിരുന്നു വിക്ടർ. മഴയുടെ വിവിധ ഭാവങ്ങൾ തേടിയുള്ള യാത്രകൾ നടത്തി. കന്യാകുമാരി, കോവളം, ശംഖുമുഖം കടപ്പുറം, ആലപ്പുഴയിലെ കടലോരങ്ങൾ എന്നിവിടങ്ങളിലെല്ലാം മൺസൂൺ ചിത്രീകരിക്കുവാനായി വിക്ടർ സഞ്ചരിച്ചിരുന്നു. മൂന്നാറിലെയും നെല്ലിയാമ്പതിയിലെയും കുന്നുകളിൽ പട്ടുനൂൽ പോലെയുള്ള മഴയുടെ വിവിധ ഭാവങ്ങളും വിക്ടർ കാമറയിൽ പകർത്തി. ഇടുക്കിയിൽ മഴക്കാലത്ത് വെള്ളത്തിൽ മുങ്ങിപ്പോയ ഒരു അയ്യപ്പക്ഷേത്രത്തിൽ ഒരു വഞ്ചിയിലിരുന്ന് പൂജനടത്തുന്ന പൂജാരിയുടെ ചിത്രം എടുക്കുവാൻ വിക്ടർ ശ്രമിച്ചു. ഹൈറേഞ്ച് മലനിരകളിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും സൃഷ്ടിക്കുന്ന മഴയുടെ ക്രോധവും വിക്ടറിനെ ആകർഷിച്ചു. വിക്ടർ മരണത്തിലേക്ക് നടന്നുപോയത് 2001 ജൂലൈ 9ന് ആണ്. ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്കടുത്ത് ഉടുമ്പന്നൂർ മഞ്ചിക്കല്ല് വെണ്ണിയാനിമലയിലെ ഉരുൾപൊട്ടലിന്റെ ചിത്രമെടുക്കാനാണ് വിക്ടർ ജോർജ്ജ് പോയത്. തോരാതെ പെയ്ത മഴയും ഉരുൾപൊട്ടലുമെല്ലാം തുടരെത്തുടരെ വിക്ടറിന്റെ ക്യാമറയിൽ പതിഞ്ഞുകൊണ്ടിരുന്നു. മഴയുടെ രൗദ്രഭാവങ്ങളുടെ ചിത്രങ്ങൾ എടുത്തിട്ടും എടുത്തിട്ടും മതിവരാതെ ഉരുൾ വന്ന വഴിയിലൂടെ വിക്ടർ നടന്നു. വിക്ടറിന്റെ സുഹൃത്ത് ജിയോ ടോമി നോക്കുമ്പോൾ അങ്ങകലെ മലമുകളിലെത്തിയിരുന്നു വിക്ടർ. കൂടുതൽ മുകളിലേക്ക്കയറിപ്പോകുന്ന വിക്ടറിനെ ജിയോ ക്യാമറയിൽ പകർത്തി. പാന്റ് മുകളിലേക്ക് തെറുത്ത് വച്ച്, കുടയും ചൂടി ഏകാഗ്രതയോടെ നടന്നു നീങ്ങുന്ന വിക്ടർ. പക്ഷെ കുടച്ചൂടി പോയ ആ ചിത്രം വിക്ടറിന്റെ അവസാനത്തെ ആയിരിക്കുമെന്ന് ആ സുഹൃത്ത് കരുതിയിരുന്നില്ല. മഴക്കാഴ്ച്ചകളിലേയ്ക്ക് വിക്ടർ തന്റെ നിക്കോൺ എഫ് എം 2,എഫ് ഫൈവ് കാമറയുടെ കണ്ണുകൾ തുറന്നു വച്ചു. അപ്രതീക്ഷിതമായിരുന്നു രണ്ടാം മലയിടിച്ചിൽ. പൊട്ടി വരുന്ന ഉരുൾ വിക്ടർ കണ്ടുകാണില്ല, കല്ലും വെള്ളവും കുത്തിയൊലിച്ച ആ ഹുങ്കാരത്തിൽ വിക്ടർ പുറകിലേക്ക് മറിഞ്ഞു വീണു. സന്തത സഹചാരിയായിരുന്ന നിക്കോൺ ക്യാമറ ദൂരേക്ക് തെറിച്ചുപോയി. ഉരുൾപൊട്ടലുണ്ടായ പ്രദേശത്ത് ചിത്രങ്ങളെടുക്കുകയായിരുന്നു വിക്ടർ. ആ സമയത്ത്, അതേ സ്ഥലത്ത് രണ്ടാമതും ഉരുൾപൊട്ടുകയായിരുന്നു. മണ്ണിനിടയിൽപെട്ടു കാണാതായ വിക്ടറിന്റെ ഭൗതികശരീരം രണ്ടാം ദിവസമാണു കണ്ടെത്തിയത്. സ്വതന്ത്രമാധ്യമ പ്രവർത്തനത്തിന്റെ ചരിത്രശേഖരമായിരുന്ന വാഷിങ്ടനിലെ ‘ന്യൂസിയ’ത്തിലെ ജേണലിസ്റ്റ് മെമ്മോറിയൽ വോളിൽ വിക്ടർ ജോർജിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ജോലിക്കിടെ മരണം കവർന്ന മാധ്യമപ്രവർത്തകർക്ക് ആദരമർപ്പിച്ചുള്ളതാണ് മെമ്മോറിയൽ വോൾ. മഴയുടെ വിവിധ ഭാവങ്ങൾ പകർത്തുന്നതിൽ പ്രത്യേക താൽപര്യവും വൈഭവുമുണ്ടായിരുന്ന വിക്ടറിന്റെ മഴച്ചിത്രങ്ങളുടെ പുസ്തകം – ഇറ്റ്സ് റെയ്നിങ് – അദ്ദേഹത്തിന്റെ മരണശേഷം പ്രസിദ്ധീകരിച്ചു. വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദമെടുത്ത മകൻ നീൽ വിക്ടറും ഫൊട്ടോഗ്രഫറാണ്.
വിവരശേഖരണം: വിക്കീപീഡിയ.
ചിത്രങ്ങൾ: ഗൂഗിൾ.