കോട്ടയം: ജൂലൈ ഒന്നിന് പ്രസിദ്ധീകരിച്ച സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ വോട്ടര്‍പട്ടികയില്‍ ആകെ 2,66,72,979 വോട്ടർമാരുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാന്‍ അറിയിച്ചു.കോട്ടയം ജില്ലയിൽ 1539044 വോട്ടർമാരാണുള്ളത്. സംസ്ഥാനത്തെ വോട്ടർമാരിൽ 1,26,29,715 പുരുഷൻമാരും 1,40,43,026 സ്ത്രീകളും 238 ട്രാൻസ്ജെൻഡറുകളുമാണ് പട്ടികയിൽ ഉള്ളത്. കഴിഞ്ഞ ജനുവരി ഒന്നാം തീയതിയോ അതിന് മുന്‍പോ 18 വയസ് പൂർത്തിയായവരെ ഉള്‍പ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയത്.
കോട്ടയം ജില്ലയിൽ 739020 പുരുഷന്മാരും 800015 സ്ത്രീകളും 9 ട്രാൻസ്ജെൻഡറുമാരുമാണ് പട്ടികയിൽ ഉള്ളത്. സംക്ഷിപ്ത പുതുക്കലിനായി ജൂൺ ആറിന് പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടികയിൽ 2,68,57,023 വോട്ടർമാരുണ്ടായിരുന്നു. അവരില്‍ മരണമോ, താമസം മാറിയതോ മൂലം അനര്‍ഹരായ 4,52,951 പേരെ ഒഴിവാക്കിയും അർഹരായ 2,68,907 പേരെ പുതുതായി ചേർത്തുമാണ് അന്തിമപട്ടിക പ്രസിദ്ധീകരിച്ചത്. കരട് വോട്ടർപട്ടിക സംബന്ധിച്ച് ജൂൺ 21 വരെ ലഭിച്ച അപേക്ഷകളും ആക്ഷേപങ്ങളും പരിശോധിച്ചാണ് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസർമാർ (ഇ.ആര്‍.ഒ) അന്തിമ വോട്ടര്‍പട്ടിക തയ്യാറാക്കിയത്. ഇ.ആര്‍.ഒയുടെ തീരുമാനത്തിനെതിരെ തദ്ദേശ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ക്ക് അപ്പീല്‍ നല്‍കാവുന്നതാണ്. ഇ.ആര്‍.ഒയുടെ ഉത്തരവ് തീയതി മുതല്‍ 15 ദിവസത്തിനകമാണ് അപ്പീല്‍ നല്‍കേണ്ടത്. 14 ജില്ലകളിലായി 941 ഗ്രാമപഞ്ചായത്തുകളിലെ 15962 വാർഡുകളിലെയും 87 മുനിസിപ്പാലിറ്റികളിലെ 3113 വാർഡുകളിലെയും ആറ് കോർപ്പറേഷനുകളിലെ 414 വാർഡുകളിലെയും അന്തിമ വോട്ടർപട്ടികയാണ് പ്രസിദ്ധീകരിച്ചത്. വോട്ടര്‍പട്ടിക കമ്മീഷന്റെ sec.kerala.gov.in വെബ്‌സൈറ്റിലും അതാത് തദ്ദേശസ്ഥാപനങ്ങളിലും താലൂക്ക്, വില്ലേജ് ഓഫീസുകളിലും പരിശോധനയ്ക്ക് ലഭ്യമാണ്.