കോട്ടയം: ശക്തമായ മഴയിലും കാറ്റിലും കോട്ടയം ജില്ലയിൽ വ്യാപക നാശനഷ്ടങ്ങൾ. കുമരകം കൊഞ്ചുമട റോഡിൽ മരം കടം പുഴകി വീണ് വീടിന്റെ മതിൽ തകർന്നു.
ഇന്ന് പുലർച്ചെ 4 മണിയോടെയാണ് കനത്ത മഴയും ശക്തമായ കാറ്റും ഉണ്ടായത്. എരുമേലി കനകപ്പലം വെച്ചൂച്ചിറ റോഡിൽ മരം വീണു ഗതാഗത തടസ്സം ഉണ്ടായി. എരുമേലി, മണിമല മേഖലകളിലെ നിരവധിപ്പേരുടെ കൃഷിയിടങ്ങളിൽ കപ്പയും വാഴയും കാറ്റിൽ ഒടിഞ്ഞു. ഇടമറുക് - രണ്ടാറ്റുമുന്നി വാകക്കാട് റോഡിൽ വെള്ളം കയറി.
ഇടമറുക് രണ്ടാറ്റുമുന്നി പാലത്തിൽ വെള്ളം കയറി. പത്തനാട്-മണിമല റോഡിൽ മൂക്കൻപാറ വളവിൽ മരം വീണു ഗതാഗതം തടസ്സപ്പെട്ടു. പള്ളം പുതുവലിൽ ഷാജിയുടെ വീട് ഭാഗികമായി തകർന്നു. ജില്ലയുടെ കിഴക്കൻ മേഖലകളിൽ ഇടവിട്ടുള്ള ശക്തമായ മഴയുണ്ട്. മീനച്ചിൽ നദിയിലെ ജലനിരപ്പ് അപകടകരമായി ഉയരുന്നതിനാൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മീനച്ചിൽ നദീതീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതാണ് എന്ന് ജില്ലാ കളക്ടർ ജോൺ വി സാമൂവൽ അറിയിച്ചു. സംസ്ഥാനത്ത് ഏറ്റവും വേഗത്തിൽ കാറ്റ് വീശിയത് കുമരകത്ത് ആണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മണിക്കൂറിൽ 57.5 കിലോമീറ്റർ വേഗത്തിലാണ് കുമരകത്ത് ഇന്ന് പുലർച്ചെ കാറ്റ് വീശിയത്.
File photo