ഇരുവരുടെയും പ്രണയ വിവാഹം, നീണ്ട 12 വർഷത്തെ പ്രണയത്തിനൊടുവിൽ വിവാഹിതരായ യു കെ മലയാളികളും കോട്ടയം സ്വദേശികളുമായ ദമ്പതികളുടെ മരണത്തിൽ ദുഃഖമടക്കാനാകാതെ ഉറ


കോട്ടയം: നീണ്ട 12 വർഷത്തെ പ്രണയത്തിനൊടുവിൽ വിവാഹിതരായ യു കെ മലയാളികളും കോട്ടയം സ്വദേശികളുമായ ദമ്പതികളുടെ മരണത്തിൽ ദുഃഖമടക്കാനാകാതെ ഉറ്റവർ. 




നാട്ടിൽ നിന്നും ദിവസങ്ങൾക്കു മുൻപ് യു കെ യിൽ മടങ്ങിയെത്തിയ കോട്ടയം പനച്ചിക്കാട് ചോഴിയക്കാട് വലിയപറമ്പിൽ വീട്ടിൽ അനിൽ ചെറിയാന്റെ ഭാര്യ സോണിയ സാറാ ഐപ്പ്(39) വീടിനുള്ളിൽ കുഴഞ്ഞു വീഴുകയായിരുന്നു. റെഡ്ഡിച്ചിലെ  അലക്സാണ്ട്ര ഹോസ്പിറ്റലിലെ നേഴ്സ് ആയിരുന്നു. കാലിലെ ഒരു സർജറി സംബന്ധമായി 10 ദിവസം മുൻപ് നാട്ടിൽ  പോയി മടങ്ങിയെത്തിയ ഉടനെ ആണ് ആകസ്മിക വേർപാട് സംഭവിച്ചത്.

 

 വീട്ടിൽ കുഴഞ്ഞുവീണ ഉടനെ അടിയന്തര വൈദ്യസഹായം എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കുവാൻ കഴിഞ്ഞില്ല. ഭാര്യയുടെ മരണത്തിൽ ദുഖിതനായ അനിൽചെറിയാൻ (റോണി)(42) ജീവനൊടുക്കുകയായിരുന്നു. 12 വർഷത്തെ പ്രണയത്തിന് ശേഷമാണ് 15 വർഷങ്ങൾക്ക് മുൻപ് ഇരുവരും വിവാഹിതരായത്. പുലർച്ചയോടെ മക്കളായ ലിസയും, ലൂയിസും ഉറങ്ങിയ സമയത്ത് വീടിന് പുറത്ത് പോയ റോണിയെ പിന്നീട് മരിച്ച നിലയിലാണ് കണ്ടെത്തിയത്. താൻ ഭാര്യ സോണിയയുടെ അടുത്തേക്ക് പോകുകയാണെന്നും, മക്കളെ നോക്കണമെന്നും വ്യക്തമാക്കിയുള്ള സന്ദേശം സുഹൃത്തുക്കൾക്ക് അയച്ച ശേഷമായിരുന്നു ജീവനൊടുക്കിയത്. ഇത് കണ്ട സുഹൃത്തുക്കളും അയൽവാസികളും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യയുമായി അടുത്ത ആത്മബന്ധമുണ്ടായിരുന്ന അനിൽ സോണിയയുടെ മരണത്തിൽ കടുത്ത ദുഖിതനായിരുന്നു. രണ്ടര വർഷം മുൻപാണ് സോണിയയും കുടുംബവും യുകെയിൽ എത്തിയത്. ഇരുവരുടെയും മരണത്തോടെ മക്കളായ ലിയായും(14) ലൂയിസും(9) ആണ് അനാഥരായത്. കോട്ടയം പനച്ചിക്കാട് ചോഴിയക്കാട് വലിയപറമ്പിൽ ചെറിയാൻ ഔസേഫ് - ലില്ലി ദമ്പതികളുടെ രണ്ടാമത്തെ മകനാണ് അനിൽ. ഷെനിൽ, ജോജോ എന്നിവരാണ് സഹോദരങ്ങൾ. കോട്ടയം ചിങ്ങവനം പാക്കിൽ കളമ്പുക്കാട്ട് വീട്ടിൽ കെ. എ. ഐപ്പ് - സാലി ദമ്പതികളുടെ മൂത്ത മകളാണ് സോണിയ. സോജിൻ, പരേതയായ ജൂണിയ എന്നിവരാണ് സഹോദരങ്ങൾ. സംസ്കാരം പള്ളം സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് സിഎസ്ഐ ചർച്ചിൽ വെച്ച് നടത്തും. മികച്ച ജീവിതം സ്വപ്നം കണ്ട് ഏറെ പരിശ്രമങ്ങൾക്ക് ഒടുവിലാണ് ഇരുവരും യുകെയിൽ എത്തിയത്. ഇരുവരുടെയും മരണത്തിൽ ദുഖിതരാണ് ബന്ധുക്കളും സുഹൃത്തുക്കളും.