കോട്ടയം: 2023 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ പുരസ്‌ക്കാരത്തിളക്കത്തിൽ നമ്മുടെ കോട്ടയവും. മലയാള സിനിമാ അവാർഡിന്റെ ചരിത്രത്തിൽ ആദ്യമായാണ് 160 സിനിമകൾ മത്സരത്തിനു എത്തിയത്. തിരുവനന്തപുരത്ത് മന്ത്രി സജി ചെറിയാനാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്.
മികച്ച ചിത്രമായി തെരഞ്ഞെടുത്തത് മമ്മൂട്ടിയും ജ്യോതികയും പ്രധാന വേഷങ്ങളിൽ എത്തിയ കാതൽ ആണ്. കോട്ടയം ഈരാറ്റുപേട്ട തലനാട് സ്വദേശിയായ ജിയോ ബേബിയാണ് സംവിധാനം ചെയ്തത്. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിൽ നിന്ന് സിനിമ പഠിച്ചു. ജനപ്രിയ ടെലിവിഷൻ സിറ്റ്‌കോമുകളായ മറിമായം, ഉപ്പും മുളകും, എം 80 മൂസ എന്നിവയുടെ പ്രാരംഭ എപ്പിസോഡുകളുടെ തിരക്കഥയിൽ ജിയോ ബേബി ഉണ്ടായിരുന്നു.
2016-ൽ പുറത്തിറങ്ങിയ 2 പെൺകുട്ടികൾ എന്ന മലയാള ചിത്രം സംവിധാനം ചെയ്തതിൽക്കൂടിയാണ് അദ്ദേഹം ചലച്ചിത്ര സംവിധാനത്തിൽ അരങ്ങേറ്റം കുറിച്ചത്. മികച്ച കഥയ്ക്കുള്ള പുരസ്‌കാരം ആദർഷ് സുകുമാരൻ, പോൾസൻ സ്കറിയയ്ക്കും കരസ്ഥമാക്കാൻ സാധിച്ചത് കാതൽ സിനിമയിലൂടെയാണ്. മികച്ച സ്വഭാവനടനുള്ള പുരസ്‌കാരം പൂക്കാലം എന്ന ചിത്രത്തിലൂടെ വിജയരാഘവൻ സ്വന്തമാക്കി. കോട്ടയം അയ്മനം സ്വദേശിയാണ് വിജയരാഘവൻ. അഭിനയരംഗത്ത് അരനൂറ്റാണ്ട് പിന്നിട്ട വർഷത്തിലാണ് വിജയരാഘവനെ തേടി ഇത്തവണത്തെ സംസ്ഥാന പുരസ്‌കാരം എത്തുന്നത്. നാടകാചാര്യനും അതുല്യ നടനുമായ പിതാവ് എൻ.എൻ പിള്ളയുടെ നാടകത്തിന് വേണ്ടി ആദ്യമായി മുഖത്ത് ചായം തേച്ചു തുടങ്ങയതാണ് മകൻ. പൂക്കാലത്തിലെ 100 വയസുകാരൻ ഇട്ടൂപ്പിനെ അവതരിപ്പിച്ചതിനാണ് മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം വിജയരാഘവന് ലഭിച്ചത്. 100 വയസുകാരൻറെ പ്രായാധിക്യം നടപ്പിലും എടുപ്പിലും വരുത്തിയ വിജയരാഘവൻ ആ സിനിമയിൽ ഏവരെയും ഞെട്ടിക്കുക തന്നെ ചെയ്തു. മികച്ച പശ്ചാത്തല സംഗീതത്തിനുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ മാത്യൂസ് പുളിക്കൻ കോട്ടയം പാലാ സ്വദേശിയാണ്. കാതൽ സിനിമയിലെ പശ്ചാത്തല സംഗീതത്തിലൂടെയാണ് മാത്യൂസിനെ തേടി പുരസ്‌കാരം എത്തിയത്.