ചങ്ങനാശ്ശേരി: യാത്രക്കാർക്കൊപ്പം ആരാധകരുമുള്ള കോർപറേഷന്റെ ഹിറ്റ് സർവീസുകളിൽ ഒന്നായ ചങ്ങനാശ്ശേരിയുടെ വേളാങ്കണ്ണിക്ക് 25 വയസ്സ്. യാത്രക്കാർക്കൊപ്പം സമൂഹമാധ്യമങ്ങളിൽ വലിയ ആരാധകരുമുള്ള സർവീസാണ് ചങ്ങനാശ്ശേരി-വേളാങ്കണ്ണി.
1999 മേയിലാണ് കെഎസ്‌ആർടിസിയുടെ ആദ്യ വേളാങ്കണ്ണി സർവീസായി ചങ്ങനാശേരിയിൽനിന്നും സൂപ്പർ എക്‌സ്‌പ്രസ് യാത്ര തുടങ്ങുന്നത്. അന്ന് മുതൽ മികച്ച പെരുമാറ്റത്തിലൂടെയും സർവ്വീസ് കൃത്യതയിലൂടെയും ബസ്സും ജീവനക്കാരും യാത്രക്കാരുടെ പ്രിയരായി മാറുകയായിരുന്നു. ചങ്ങനാശേരിയിൽനിന്നും ഉച്ചകഴിഞ്ഞു 2.30ന് ആരംഭിച്ച് പിറ്റേന്ന് രാവിലെ 5.45ന് വേളാങ്കണ്ണിയിൽ എത്തും വിധമാണ് സർവീസ്. 750ഓളം കിലോമീറ്ററാണ് ദിവസേന ബസ്സ് ഓടിയെത്തുന്നത്. ആദ്യം സൂപ്പർ എക്സ്‌പ്രസും പിന്നീട് ഇടയ്ക്ക് സൂപ്പർ ഫാസ്റ്റ് ആകുകയും ചെയ്തിരുന്നു. 2015ൽ വീണ്ടും സൂപ്പർ എക്‌സ്‌പ്രസായി. അന്തർ സംസ്ഥാന ബസ്സ് സർവ്വീസ് ഉൾപ്പടെ ദീർഘദൂര കെ എസ് ആർ ടി സി സർവ്വീസുകൾ കെ-സ്വിഫ്റ്റിലേക്ക് മാറ്റാൻ തുടങ്ങിയതോടെ ചങ്ങനാശ്ശേരി-വേളാങ്കണ്ണി ബസ്സിന്റെ സാരഥിയുടെ വിടപറച്ചിൽ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. ബസ്സിന്റെ സാരഥി പാലക്കാട് ഡിപ്പോയിലെ ഡ്രൈവർ പൊന്നുംകുട്ടൻ ബസ്സിൽ ചാരി നിന്ന് യാത്രയയപ്പ് നൽകിയത്. വർഷങ്ങളായി വളയം പിടിച്ചിരുന്ന ഡ്രൈവർ എന്നതിലുപരി ബസ്സിനെ ചങ്കായി സ്നേഹിച്ച സാരഥിയായിരുന്നു ഇദ്ദേഹം. സംഭവത്തിൽ മനസ്സലിഞ്ഞതോടെ ചങ്ങനാശ്ശേരിയിൽ നിന്നും വേളാങ്കണ്ണിയിലേക്ക് സർവ്വീസ് നടത്തുന്ന കെഎസ്ആർടിസി സൂപ്പർ എക്സ്പ്രസ് അതേ രീതിയിൽ നിലനിർത്താൻ സിഎംഡി നിർദ്ദേശം നൽകി. സർവ്വീസ് പോകുന്ന ജീവനക്കാർ ബസിനെ സ്നേഹിക്കുന്നതായും പരിപാലിക്കുന്നതായും മാതൃകാപരമായി സർവ്വീസ് നടത്തുന്നതായും കാണുകയും ഇതിനാൽ തന്നെ ധാരാളം സ്ഥിരം യാത്രക്കാർ ഈ സർവ്വിസിനെ ആശ്രയിക്കുന്നതായും കണ്ടെത്തിയ സാഹചര്യത്തിലാണ് ബസ് തുടർന്നും സൂപ്പർ എക്സ്പ്രസ് സർവ്വീസ് ആയി നടത്തുന്നതിന് അനുമതി നൽകിയത്.