ഭാര്യയ്ക്കരികിലേക്ക് പോകുന്നുവെന്ന് അവസാന സന്ദേശം, യുകെയില്‍ കുഴഞ്ഞുവീണ് മരിച്ച ഭാര്യക്ക് പിന്നാലെ ഭർത്താവ് ജീവനൊടുക്കി, മക്കളെ അനാഥരാക്കി ഇരുവരുടെയും


കോട്ടയം: യുകെയിൽ കുഴഞ്ഞുവീണു മരിച്ച കോട്ടയം സ്വദേശിനിയായ നേഴ്സ് സോണിയ സാറാ ഐപ്പിന്റെ(39) ഭർത്താവ് കോട്ടയം പനച്ചിക്കാട് ചോഴിയക്കാട് വലിയപറമ്പിൽ വീട്ടിൽ അനിൽ ചെറിയാനെ (റോണി)(42)യാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.

 

 പുലർച്ചയോടെ മക്കളായ ലിസയും, ലൂയിസും ഉറങ്ങിയ സമയത്ത് വീടിന് പുറത്ത് പോയ റോണിയെ പിന്നീട് മരിച്ച നിലയിലാണ് കണ്ടെത്തിയത്. താൻ ഭാര്യ സോണിയയുടെ അടുത്തേക്ക് പോകുകയാണെന്നും, മക്കളെ നോക്കണമെന്നും വ്യക്തമാക്കിയുള്ള സന്ദേശം സുഹൃത്തുക്കൾക്ക് അയച്ച ശേഷമായിരുന്നു ജീവനൊടുക്കിയത്. ഇത് കണ്ട സുഹൃത്തുക്കളും അയൽവാസികളും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

 

 കഴിഞ്ഞ ദിവസമാണ് ഭാര്യ സോണിയ സാറ ഐപ്പ് വീട്ടിൽ കുഴഞ്ഞു വീണു മരിച്ചത്. നാട്ടിൽ നിന്നും ദിവസങ്ങൾക്കു മുൻപ് ആണ് സോണിയ യു കെ യിൽ മടങ്ങിയെത്തിയത്. റെഡ്ഡിച്ചിലെ  അലക്സാണ്ട്ര ഹോസ്പിറ്റലിലെ നേഴ്സ് ആയിരുന്നു. കാലിലെ ഒരു സർജറി സംബന്ധമായി 10 ദിവസം മുൻപ് നാട്ടിൽ  പോയി മടങ്ങിയെത്തിയ ഉടനെ ആണ് ആകസ്മിക വേർപാട് സംഭവിച്ചത്. വീട്ടിൽ കുഴഞ്ഞുവീണ ഉടനെ അടിയന്തര വൈദ്യസഹായം എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കുവാൻ കഴിഞ്ഞില്ല. ഭാര്യയുടെ മരണത്തിൽ ദുഖിതനായ അനിൽ ജീവനൊടുക്കിയതാണ് എന്നാണ് പ്രാഥമിക നിഗമനം. സോണിയയുടെ ഭർത്താവ് അനിലിനെ ഇന്ന് വീടിനു സമീപത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്ന് പുലർച്ചെ യുകെ സമയം നാലരയോടെ അനിലിനെ കാണാതെ വന്നതോടെ അയൽവാസികളും സുഹൃത്തുക്കളും അന്വേഷിക്കുന്നതിനിടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസിനൊപ്പം അയൽവാസികളും സുഹൃത്തുക്കളും നടത്തിയ തിരച്ചിലിലാണ് അനിലിനെ താമസ സ്ഥലത്തിനു പിന്നിലെ കാട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയുമായി അടുത്ത ആത്മബന്ധമുണ്ടായിരുന്ന അനിൽ സോണിയയുടെ മരണത്തിൽ കടുത്ത ദുഖിതനായിരുന്നു. സോണിയുടെ മൃതശരീരം നാട്ടിലേയ്ക്ക് എത്തിയ്ക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് അനിലിന്റെയും മരണ വാർത്ത എത്തിയിരിക്കുന്നത്. ഇരുവരുടെയും മരണത്തിൽ ദുഖിതരാണ് ബന്ധുക്കളും സുഹൃത്തുക്കളും. കഴിഞ്ഞ ഞായറാഴ്ച യുകെയിലെ വീട്ടിൽ തിരിച്ചെത്തി ഒരു മണിക്കൂറിനുള്ളിലാണ് കുഴഞ്ഞുവീണ് മരിച്ചത്. രണ്ടര വർഷം മുൻപാണ് സോണിയയും കുടുംബവും യുകെയിൽ എത്തിയത്. ലിയായും ലൂയിസും ആണ് മക്കൾ.