സംസ്ഥാന സര്‍ക്കാരിന്റെ കനിവ് 108 ആംബുലന്‍സ് പദ്ധതിയിലെ ആദ്യ വനിതാ ഡ്രൈവർ, ജീവനുമായി ആശുപത്രികളെ ലക്ഷ്യമായാക്കി പായുന്ന നിമിഷങ്ങൾ, ജീവനുമായി വളയം പിടിച


കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ കനിവ് 108 ആംബുലന്‍സ് പദ്ധതിയിലെ ആദ്യ വനിതാ ഡ്രൈവറായ കോട്ടയം സ്വദേശിനി ദീപമോൾക്കിത് ജീവനുമായി വളയം പിടിച്ച രണ്ടര വർഷം.

 

 2023 മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനത്തിൽ സംസ്ഥാന സര്‍ക്കാരിന്റെ കനിവ് 108 ആംബുലന്‍സ് പദ്ധതിയിലെ ആദ്യ വനിതാ ഡ്രൈവറായ കോട്ടയം കുറുപ്പന്തറ മേമുറി പാലപ്പറമ്പില്‍ വീട്ടില്‍ ദീപമോൾക്ക് കഴിഞ്ഞ രണ്ടര വർഷം ജീവനുമായി ആശുപത്രികളെ ലക്ഷ്യമാക്കി പായുന്ന നിമിഷങ്ങളായിരുന്നു. ആതുര സേവനത്തിനോടുള്ള താത്പര്യമാണ് ദീപമോളെ കനിവ് 108 ആംബുലന്‍സസിന്റെ സാരഥിയാക്കിയിത്. ആംബുലന്‍സ് ഡ്രൈവര്‍ ആകണമെന്ന ആഗ്രഹം അറിയിച്ച ദീപമോള്‍ക്ക് സർക്കാർ അതിനുള്ള അവസരം ഒരുക്കി നല്‍കുകയായിരുന്നു. യാത്രകളോടുള്ള അതിയയായ മോഹമാണ് 2008ല്‍ ദീപമോളെ ആദ്യമായി ഡ്രൈവിങ് ലൈസന്‍സ് എടുക്കാന്‍ പ്രേരിപ്പിച്ചത്. ഭര്‍ത്താവ് മോഹനന്റെ പിന്തുണയോടെ 2009ല്‍ ദീപമോള്‍ വലിയ വാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള ഹെവി ലൈസന്‍സും കരസ്ഥമാക്കി.  2016 ൽ കുറുപ്പന്തറയിലേക്ക് താമസം മാറിയതോടെ ദീപയുടെ സ്വപ്നങ്ങൾക്ക് ചിറകു മുളച്ചത്. 



സ്ത്രീകൾക്ക് മാത്രമായുള്ള മോട്ടോർ ഏഞ്ചൽ ടൂവീലർ റൈഡിംഗ് ഗ്രൂപ്പിൽ ചേരുകയാണ് ആദ്യം ചെയ്തത്. പിന്നീട് ഡൊമിനാർ 400 സ്വന്തമായി വാങ്ങി. 2019 ലാണ് ഓഫ്-റോഡ് റേസിംഗ് ആരംഭിച്ചത്. ഭര്‍ത്താവിന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം ഡ്രൈവിങ് മേഖല തുടര്‍ന്ന് ഉപജീവന മാര്‍ഗമാക്കാന്‍ ദീപമോള്‍ തീരുമാനിച്ചു. ഡ്രൈവിങ് സ്‌കൂള്‍ അധ്യാപികയായും, ടിപ്പര്‍ ലോറി ഡ്രൈവറായും, ടാക്‌സി ഡ്രൈവറായുമൊക്കെ ദീപമോള്‍ ജോലി ചെയ്തു. 2021ല്‍ തന്റെ കാലങ്ങളായുള്ള കോട്ടയം ലഡാക് ബൈക്ക് യാത്ര എന്ന മോഹവും ദീപമോള്‍ സഫലീകരിച്ചു. ഭര്‍ത്താവ് മോഹനന്റെയും വിദ്യാര്‍ത്ഥിയായ ഏക മകന്‍ ദീപകിന്റെയും പിന്തുണയില്‍ 16 ദിവസം കൊണ്ടാണ് ദീപമോള്‍ കോട്ടയത്ത് നിന്ന് ലഡാക് വരെ തന്റെ ബൈക്കില്‍ സഞ്ചരിച്ച് എത്തിയത്. കുന്നംകുളത്ത് നടന്ന ഓഫ് റോഡ് ജീപ്പ് മത്സരത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി. തലയോലപ്പറമ്പ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആംബുലൻസ് ഡ്രൈവറായി ചുമതലയേറ്റ ദീപമോൾ ഇപ്പോൾ കോട്ടയം ജനറല്‍ ഹോസ്പിറ്റലിലാണ് സേവനം ചെയ്യുന്നത്. 



ജനറൽ ഹോസ്പിറ്റലിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജിലേക്കാണ് ഇപ്പോൾ കൂടുതലായും രോഗികളുമായി ദീപ പായുന്നത്. ഡ്രൈവിങ് ടെസ്റ്റ് ഉള്‍പ്പടെയുള്ള നടപടികളും പരിശീലനവും പൂര്‍ത്തിയാക്കിയാണ് ദീപമോള്‍ വനിതാ ദിനത്തില്‍ 108 ആംബുലന്‍സ് പദ്ധതിയുടെ ഡ്രൈവിങ് സീറ്റിലേക്ക് എത്തിയത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ദീപമോള്‍ക്ക് ആരോഗ്യ മന്ത്രി വീണാ ജോർജ് ആണ് ആംബുലന്‍സിന്റെ താക്കോല്‍ കൈമാറിയത്.