ലഹരിമരുന്നു നിരോധന നിയമപ്രകാരമുള്ള എക്സൈസ് വകുപ്പിലെ ആദ്യ കരുതൽ തടങ്കൽ കേസ് കോട്ടയത്ത് രജിസ്റ്റർ ചെയ്തു, തടങ്കലിലാക്കിയത് എരുമേലി സ്വദേശിയെ.


കോട്ടയം: ലഹരിമരുന്നു നിരോധന നിയമപ്രകാരമുള്ള എക്സൈസ് വകുപ്പിലെ ആദ്യ കരുതൽ തടങ്കൽ കേസ് കോട്ടയത്ത് രജിസ്റ്റർ ചെയ്തു. എരുമേലി സ്വദേശി ഒലിക്കപ്പാറ അഷ്കർ അഷറഫ് (25) നെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തു തിരുവനന്തപുരം സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിലാക്കിയിരിക്കുന്നത്.

 

 സംസ്ഥാനത്ത് ഇത് ആദ്യമായാണ്‌ ലഹരിമരുന്ന് കടത്തുകേസിൽ എക്സൈസ് റജിസ്റ്റർ ചെയ്ത കേസിൽ ഒരാളെ കരുതൽ തടങ്കലിൽ പാർപ്പിച്ചിരിക്കുന്നത്. ഡപ്യൂട്ടി എക്സൈസ് കമ്മിഷണർ ആർ.ജയചന്ദ്രന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ലഹരി വസ്തുക്കൾ കടത്തിക്കൊണ്ടു വരുന്നതിനിടെ എറണാകുളത്തു നിന്നും പാലായിൽ നിന്നും പിടിയിലായ അഷ്കറിനെതിരെ കേസുകൾ നിലവിലുണ്ട്. അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ ആർ.രാജേഷ്, എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ രാജേഷ് ജോൺ, സിവിൽ എക്സൈസ് ഓഫിസർ എസ്.വികാസ്, വനിതാ സിവിൽ എക്സൈസ് ഓഫിസർമാരായ പി.എസ്.അഞ്ജു, സി.ബി.സുജാത എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.