കോ​ട്ട​യം ന​ഗ​ര​സ​ഭ​യി​ൽ പെ​ൻ​ഷ​ൻ വി​ത​ര​ണ​ത്തി​ന്‍റെ മ​റ​വി​ൽ വ​ൻ ത​ട്ടി​പ്പ്, ജീവനക്കാരൻ തട്ടിയെടുത്തത് മൂന്നു കോടിയിലധികം രൂപ.


കോട്ടയം: കോ​ട്ട​യം ന​ഗ​ര​സ​ഭ​യി​ൽ പെ​ൻ​ഷ​ൻ വി​ത​ര​ണ​ത്തി​ന്‍റെ മ​റ​വി​ൽ വ​ൻ ത​ട്ടി​പ്പ് നടന്നതായി കണ്ടെത്തി. ജീ​വ​ന​ക്കാ​ര​ൻ മൂ​ന്നു​കോ​ടി​യി​ല​ധി​കം രൂപ ത​ട്ടി​യെ​ടു​ത്ത​താ​യി കണ്ടെത്തിയതിനെ തുടർന്ന് നഗരസഭാ സെക്രട്ടറി പോലീസിൽ പരാതി നൽകി.

 

 കോ​ട്ട​യം ന​ഗ​ര​സ​ഭ​യി​ലെ ക്ല​ർ​ക്കാ​യി​രു​ന്ന കൊ​ല്ലം മ​ങ്ങാ​ട്​ ആ​ൻ​സി ഭ​വ​നി​ൽ അ​ഖി​ൽ സി ​വ​ർ​ഗീ​സി​നെ​തി​രെ​യാ​ണ്​ പ​രാ​തി. നിലവിൽ ഇയാൾ വൈ​ക്കം ന​ഗ​ര​സ​ഭ​യി​ലാ​ണ്​ ജോലി ചെയ്യുന്നത്. പെൻഷൻ ലഭിക്കുന്നില്ലാത്ത ആളുടെ അകൗണ്ടിലേക്കാണ് പെൻഷൻ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന അഖിൽ പ്രതിമാസം 4 ലക്ഷം രൂപ വരെ തിരിമറി നടത്തിയത്. 2020 മുതൽ കോട്ടയം നഗരസഭയിൽ അഖിൽ ജോലി ചെയ്തിരുന്ന സമയത്തത്തെ തിരിമാരിയാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. റിട്ട.ജീവനക്കാരിയല്ലാത്ത അമ്മയുടെ അക്കൗണ്ടിലേക്ക് ആണ് പെൻഷൻതുക അയച്ചതിന്നു കണ്ടെത്തിയിട്ടുണ്ട്. പ്രതി വിദേശത്തേക്ക് പോകാൻ സാധ്യതയുള്ളതിനാൽ അടിയന്തരമായി പാസ്പോർട്ട് മരവിപ്പിക്കുന്നതിനും ആളെ കണ്ടെത്തി തുക വീണ്ടെടുക്കുന്നതിനുമുള്ള നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു. ഈരാറ്റുപേട്ട നഗരസഭയിൽ നിന്നു സ്ഥലം മാറി 2020 മാർച്ച് 12 നാണ് അഖിൽ കോട്ടയത്ത് എത്തിയത്. 2023 നവംബറിൽ വൈക്കത്തേക്കു മാറ്റം ലഭിച്ചു. ഈ കാലയളവിലാണ് തിരിമറി നടന്നത്. വാർഷിക സാമ്പത്തിക കണക്കെടുപ്പിലാണ് വിവരം പുറത്തായത്. യഥാർഥ പെൻഷൻകാരി മരിച്ചപ്പോൾ വിവരം രജിസ്റ്ററിൽ ചേർക്കാതെ അവരുടെ പണം അമ്മ പി ശ്യാമളയുടെ പേരിലുള്ള അക്കൗണ്ടിലേക്ക് അയക്കുകയായിരുന്നു. പിതാവിന്റെ മരണത്തെത്തുടർന്ന് ആശ്രിത നിയമനമായിട്ടാണ് കൊല്ലം കോർപറേഷനിൽ അഖിൽ ജോലിക്ക് പ്രവേശിച്ചത്. അവിടെ 40 ലക്ഷം രൂപ തിരിമറി നടത്തിയതിനു സസ്പെൻഷനിലായിരുന്നു. നാലുവർഷമായി തനത്ഫണ്ടിൽനിന്ന് ഇത്രയും കോടികൾ മാറിയിട്ടും ഉദ്യോഗസ്ഥരോ ഭരണസമിതിയോ അറിയാതിരുന്നത് ഒത്താശയാണെന്നു നഗരസഭാ പ്രതിപക്ഷ നേതാവ് അഡ്വ.ഷീജ അനിൽ പറഞ്ഞു. മുൻകാല പ്രാബല്യത്തിൽ എല്ലാ അക്കൗണ്ടുകളും പരിശോധന നടത്താൻ നിർദേശം നൽകിയിട്ടുണ്ട് എന്ന് നഗരസഭാ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ പറഞ്ഞു. സംഭവത്തിൽ ഇയാൾ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.