ചങ്ങനാശ്ശേരി: പല രൂപത്തിലും പല രീതികളിലും ജില്ലയിലുൾപ്പടെ സംസ്ഥാനത്ത് ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾ വിലസുന്നു. കൃത്യമായി ഇവരെ കണ്ടെത്താൻ സാധിക്കാത്തത് കൂടുതൽ തട്ടിപ്പുകൾ നടത്താൻ ഇവർക്ക് പ്രചോദനമാകുന്നുണ്ട്.
ഇത്തരത്തിൽ തട്ടിപ് സംഘങ്ങളുടെ വലയിൽ വീഴാതെ ധൈര്യത്തോടെയുള്ള ഇടപെടലിൽ സുരക്ഷിതയായിരിക്കുകയാണ് ചങ്ങനാശ്ശേരി സ്വദേശിനിയായ വീട്ടമ്മ. കഴിഞ്ഞ ദിവസമാണ് ചങ്ങനാശ്ശേരി സ്വദേശിനിയായ വീട്ടമ്മയുടെ ഫോണിലേക്ക് ഒരു വാട്സാപ്പ് കോൾ എത്തുന്നത്. കോളജ് വിദ്യാർഥിനിയായ മകളെയും ആൺസുഹൃത്തുക്കളെയും ലഹരി മരുന്നുമായി പിടികൂടിയെന്നും മകളെ കേസിൽ നിന്നും ഒഴിവാക്കാൻ പണം നൽകണമെന്നും ആയിരുന്നു ആവശ്യം. വിളിച്ചയാൾ സി ബി ഐ ഉദ്യോഗസ്ഥൻ ആണെന്ന് പറഞ്ഞാണ് വീട്ടമ്മയെ പരിചയപ്പെടുത്തിയത്. വിളിച്ചയാൾ ആദ്യം ഭർത്താവിനെയും പിന്നീട് വിദ്യാർത്ഥിനിയുടെ പേര് പറഞ്ഞു കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥിനിയുടെ അമ്മയല്ലേ എന്നും ചോദിച്ചു. മകൾ കുറ്റക്കാരിയല്ലെന്നും പണം നൽകിയാൽ കേസിൽ നിന്നും ഒഴിവാക്കാമെന്നും അല്ലാത്ത പക്ഷം ഇവരെ ഡൽഹിയിലേക്ക് കൊണ്ടുപോകുകായാണെന്നുമായിരുന്നു ഉദ്യോഗസ്ഥൻ പറഞ്ഞത്. ഫോൺ കട്ട് ചെയ്യരുതെന്നും ഉടൻ പണം നൽകണമെന്നും ആവശ്യപ്പെട്ടു. എന്നാൽ ആദ്യം പേടിച്ചെങ്കിലും തിരികെ വിളിക്കാമെന്ന് പറഞ്ഞു വീട്ടമ്മ ഫോൺ കട്ട് ചെയ്യുകയായിരുന്നു. തുടർന്ന് കോളേജിൽ വിളിച്ചു മകൾ അവിടെയുണ്ടോയെന്നു എന്ന് വീട്ടമ്മ അന്വേഷിച്ചു. മകൾ കോളേജിൽ ഉണ്ടെന്നു കോളേജ് അധികൃതർ അറിയിച്ചതോടെ വീട്ടമ്മയ്ക്ക് തട്ടിപ്പ് മനസിലായി. തുടർന്ന് വീണ്ടും കോൾ വന്നെങ്കിലും എടുത്തില്ല. തുടർന്ന് പോലീസിലും സൈബർ വിഭാഗത്തിലും പരാതി നൽകി.