കോട്ടയം: കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിൽ സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പാക്കുന്ന ചങ്ങാതി പദ്ധതിയിൽ ചേർന്ന് മലയാളം പഠിക്കാൻ അതിഥി തൊഴിലാളികൾ എത്തി. വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ തൊഴിലാളികളെ മൂന്നുമാസം കൊണ്ട് മലയാളം പഠിപ്പിക്കുകയാണ് ചങ്ങാതി പദ്ധതിയുടെ ലക്ഷ്യം.
പദ്ധതിക്കായി പ്രത്യേകം തയാറാക്കിയ ഹമാരി മലയാളം പാഠപുസ്തകം ഉപയോഗിച്ചാണ് ചങ്ങാതിമാരുടെ മലയാളപഠനം. ഹിന്ദിയിലും മലയാളത്തിലും ഒരുപോലെ പ്രാവീണ്യം നേടിയ ഇൻസ്ട്രക്ടർമാരാണ് പഠനക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്. ഒഴിവുവേളകളും ഞായറാഴ്ചകളുമാണ് പഠനക്ലാസുകൾക്കായി ഉപയോഗപ്പെടുത്തുന്നത്. 30 വരെ പഠിതാക്കളാണ് ഓരോ പഠന കേന്ദ്രത്തിലും ഉള്ളത്. തൊഴിലുടമകളുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെയാണ് പഠന ക്ലാസുകൾ ക്രമീകരിച്ചിട്ടുള്ളത്. ക്ലാസിൽ പങ്കെടുത്ത് മലയാളം പഠിച്ചവർക്ക് ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ പരീക്ഷയുണ്ടാകും. വിജയികൾക്ക് സംസ്ഥാന സാക്ഷരതാ മിഷൻ സർട്ടിഫിക്കറ്റ് നൽകും.