കായകൽപ -ആർദ്ര കേരളം പുരസ്‌കാരം ജില്ലയിലെ ആരോഗ്യസ്ഥാപനങ്ങൾക്ക് നേട്ടം.


കോട്ടയം: സംസ്ഥാനസർക്കാരിന്റെ കായകൽപ, ആർദ്രകേരള പുരസ്‌കാരത്തിൽ ജില്ലയിലെ ഒമ്പത് ആരോഗ്യസ്ഥാപങ്ങൾ മികച്ച നേട്ടം കരസ്ഥമാക്കി.  സംസ്ഥാനതലത്തിൽ ഗ്രാമപഞ്ചായത്ത്  വിഭാഗത്തിൽ വാഴൂർ ഗ്രാമപഞ്ചായത്ത് ആർദ്ര കേരളം പുരസ്‌കാരം രണ്ടാം സ്ഥാനം കരസ്ഥമാക്കി.  അവാർഡ് തുകയായി  ഏഴു ലക്ഷം രൂപ ലഭിക്കും. ജില്ലാതലത്തിൽ ഒന്നാം സ്ഥാനം മറവന്തുരുത്ത് (അഞ്ചു ലക്ഷം രൂപ) രണ്ടാം സ്ഥാനം കാണക്കാരി (മൂന്നു ലക്ഷം രൂപ)മൂന്നാം സ്ഥാനം തൃക്കൊടിത്താനം (രണ്ടു ലക്ഷം രൂപ) എന്നീ സ്ഥാപങ്ങൾക്കു ലഭിച്ചു.

 

 2023-24 വർഷത്തിലെ സംസ്ഥാന കായകല്പ അവാർഡ് ജില്ലയിലെ അഞ്ച് ആരോഗ്യസ്ഥാപങ്ങൾക്ക്  ലഭിച്ചു. പാല ജില്ലയിൽ ജനറൽ ആശുപത്രി, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി എന്നിവയ്ക്ക് മൂന്നു ലക്ഷം രൂപ വീതം അവാർഡായി ലഭിക്കും. സബ് ജില്ലാതലത്തിൽ വൈക്കം താലുക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രിക്ക് ഒരു ലക്ഷം രൂപ അവാർഡായി ലഭിക്കും. സാമൂഹികാരോഗ്യ ക്രേന്ദ്രങ്ങളിൽ 70 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയ സി.എച്ച്.സി കൂടല്ലൂർ  ആശുപ്രതിക്ക് ഒരു ലക്ഷം രൂപ അവാർഡ് തുക ലഭിക്കും. നഗര പ്രാഥമികാരോഗ്യ ക്രേന്ദങ്ങളിൽ  പെരുമ്പായിക്കാട് അർബൻ പ്രൈമറി ഹെൽത്ത് സെന്ററിന് 50,000 രൂപ ലഭിക്കും.

 

 ആരോഗ്യ വകുപ്പിന്റെ പങ്കാളിത്തത്തോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന സമഗ്ര ആരോഗ്യ പദ്ധതി വിലയിരുത്തി നൽകുന്ന അവാർഡാണ് ആർദ്ര കേരളം പുരസ്‌കാരം. തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം ആരോഗ്യ വകുപ്പിന്റേയും മറ്റ് അനുബന്ധ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും കൂട്ടായ്മ സാധ്യമാക്കാനും കേരളത്തിന്റെ ആരോഗ്യരംഗത്ത് വലിയ മാറ്റങ്ങള് വരുത്താനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ആരോഗ്യ മേഖലയിൽ ചെലവഴിച്ച തുക, സാന്ത്വന പരിചരണ പരിപാടികൾ, കായകല്പ, ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട മറ്റ് പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ച്ർ മുൻഗണന പട്ടിക തയാറാക്കുകയും പുരസ്‌കാരത്തിനായി തെരഞ്ഞെടുക്കുകയും ചെയ്യുന്നു. ഇത് കൂടാതെ പ്രതിരോധ കുത്തിവയ്പ്, വാർഡുതല പ്രവർത്തനങ്ങൾ, മറ്റ് പ്രതിരോധ പ്രവർത്തനങ്ങൾ, നടപ്പാക്കിയ നൂതനമായ ആശയങ്ങൾ, പൊതുസ്ഥലങ്ങളിലെ മാലിന്യ നിർമ്മാർജ്ജനം എന്നിവയും പുരസ്‌കാരത്തിന് വേണ്ടി വിലയിരുത്തുന്ന ഘടകങ്ങളാണ്. സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സർക്കാർ ആവിഷ്‌കരിച്ച അവാർഡാണ് കായകല്പ. ജില്ലാ ആശുപത്രികൾ, താലൂക്ക് ആശുപത്രികൾ, സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ (സി.എച്ച്.സി), പ്രാഥമികാരോഗ്യ ക്രേന്ദങ്ങൾ (പി.എച്ച്.സി.), നഗര പ്രാഥമികാരോഗ്യ ക്രേന്ദങ്ങൾ (യു.പി.എച്ച്.എസി), ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ (എച്ച്. ഡബ്ല്യൂ.സി.സബ്-സെന്റര്) എന്നിവയിൽ നിന്ന് തെരഞ്ഞെടുക്കുന്ന മികച്ച ആശുപത്രികൾക്കാണ് കായകല്പ അവാർഡ് നൽകുന്നത്. ആശുപത്രികളിൽ ജില്ലാതല പരിശോധനയും പിന്നീട് സംസ്ഥാനതല പരിശോധനയും നടത്തി അവാർഡ് നിർണയ കമ്മിറ്റിയാണ് ഏററവും മികച്ച ആശുപത്രികളെ തെരഞ്ഞെടുത്തിരിക്കുന്നത്.