കോട്ടയം: മഴ ശക്തമായതോടെ ജില്ലയുടെ മലയോര മേഖലകളിലുൾപ്പടെ ജാഗ്രതാ നിർദ്ദേശം നൽകി ജില്ലാ ദുരന്തനിവാരണ അതോറിട്ടി. വരും ദിവസങ്ങളിലും അടുത്തു വരുന്ന മാസങ്ങളിലും മഴ ശക്തമാക്കാനുള്ള സാധ്യത മുന്നിൽക്കണ്ട് പ്രകൃതി ദുരന്ത സാധ്യതാ മേഖലകളിൽ മുൻകരുതലുകൾ സജ്ജമാക്കിയിരിക്കുകയാണ് ജില്ലാ ദുരന്തനിവാരണ അതോറിട്ടി.
കോട്ടയം ജില്ലയിൽ വിവിധ താലൂക്കുകളിലായി 10 ഇടങ്ങളിൽ ഉരുൾപൊട്ടലിനും 60 ഇടങ്ങളിൽ വെള്ളപ്പൊക്കത്തിനും 11 ഇടങ്ങളിൽ മണ്ണിടിച്ചിലിനും സാദ്ധ്യതയുണ്ടെന്ന് ജില്ലാ ദുരന്തനിവാരണ അതോറിട്ടി റിപ്പോർട്ടിൽ പരാമർശിക്കുന്നു. സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്റർ തയാറാക്കിയ വിവിധ ദുരന്തസൂചികാ ഭൂപടത്തിലാണ് ജില്ലയിലെ സ്ഥലങ്ങൾ അടയാളപ്പെടുത്തിയിരിക്കുന്നത്. മൂന്നിലവ്, പൂഞ്ഞാർ,വടക്കേക്കര, തീക്കോയി,തലപ്പലം, പൂഞ്ഞാർ നടുഭാഗം,പൂഞ്ഞാർ തെക്കേക്കര, കൂട്ടിക്കൽ,പ്ലാപ്പള്ളി,ഇളംകാട് എന്നീ സ്ഥലങ്ങളിലാണ് ഉരുള്പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളത്. മഴ ശക്തമാകുന്നതോടെ മണിമല-മീനച്ചിൽ ആറുകളുടെ തീര മേഖലയും വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്. അതീവ ദുരന്ത സാധ്യതയുള്ള മേഖലകളിൽ ഇന്ത്യയിൽ ഇരുപത്തി നാലാം സ്ഥാനത്താണ് കോട്ടയം. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം പുറത്തിറക്കിയ ലാൻഡ് സ്ലൈഡ് അറ്റ്‌ലസിൽ 30 ഹോട്ട്സ്പോട്ടുകളിൽ ഇരുപത്തി നാലാമതാണ് കോട്ടയം. അതിശക്തമായ മഴയുണ്ടാകുന്ന സാഹചര്യത്തിൽ ദുരന്ത സാധ്യതാ മേഖലകളിൽ പ്രത്യേക ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ ജോൺ വി സാമുവൽ വിവിധ വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കനത്ത മഴ ലഭിക്കുന്ന സാഹചര്യങ്ങളിൽ മലയോര മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണം. അടിയന്തര ഘട്ടങ്ങളിൽ ഉദ്യോഗസ്ഥർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാനും ആവശ്യമെങ്കിൽ വീടുകളിൽ നിന്നും മാറി താമസിക്കാനും തയ്യാറാകണം.