കോട്ടയം: ബിരുദ വിദ്യാർത്ഥിനിയായ എരുമേലി സ്വദേശിനിയായ ജെസ്‌നയുടെ തിരോധാനത്തിൽ മുണ്ടക്കയത്തെ ലോഡ്ജിലെ മുൻ ജീവനക്കാരിയുടെ വെളിപ്പെടുത്തലിൽ സി ബി ഐ ഇന്ന് മൊഴി രേഖപ്പെടുത്തും. ലോഡ്ജിലെ മുൻ ജീവനക്കാരിയുടെയും ലോഡ്ജ് ഉടമയുടെയും മൊഴിയാണ് ഇന്ന് രേഖപ്പെടുത്തുന്നത്.
മുൻപും ഇത്തരത്തിൽ ജീവനക്കാരി പറഞ്ഞതനുസരിച്ച് അന്ന് പോലീസ് അന്വേഷണം നടത്തിയെങ്കിലും കാര്യമായി ഒന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല. ജെസ്‌നയോട് സാദൃശ്യമുള്ള പെൺകുട്ടിയെ മുണ്ടക്കയത്ത് വെച്ച് കണ്ടെന്ന വെളിപ്പെടുത്തലിൽ അന്വേഷണം നടത്തിയ പോലീസ് അന്ന് കണ്ടെത്തിയത് ജെസ്‌നയോട് രൂപ സാദൃശ്യമുള്ള മറ്റൊരു പെൺകുട്ടിയെ ആയിരുന്നു. മുക്കൂട്ടുതറ കൊല്ലമുള സ്വദേശിനി കുന്നത്തുവീട്ടില്‍ ജയിംസിന്റെ മകള്‍ കാഞ്ഞിരപ്പള്ളി സെന്റ്.ഡൊമിനിക്സ് കോളേജിലെ ബിരുദ വിദ്യാര്‍ഥിനിയായിരുന്ന ജെസ്ന മരിയ ജെയിംസിനെ 2018 മാര്‍ച്ച് 22 നാണ് കാണാതാകുന്നത്.
കേരളത്തിനകത്തും പുറത്തും അന്വേഷണ സംഘം കേസുമായി ബന്ധപ്പെട്ട് തെളിവെടുപ്പ് നടത്തിയിരുന്നു. ജെസ്‌ന പിതൃസഹോദരിയുടെ മുണ്ടക്കയത്തെ വീട്ടിലേക്കു പോയി എന്നാണു പറയപ്പെടുന്നത്. വീട്ടിൽ നിന്നു മുക്കൂട്ടുതറ വരെ ഓട്ടോയിലും തുടർന്ന് ബസിലും എരുമേലിയിൽ എത്തിയതായി ആദ്യഘട്ട അന്വേഷണത്തിൽ വിവരം ലഭിച്ചിരുന്നു. ഇതിനിടെ ജെസ്‌നയെ മുണ്ടക്കയത് വെച്ച് കണ്ടതായി സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തിയെങ്കിലും അത് ജെസ്‌നയോടു സാമ്യമുള്ള മറ്റൊരു പെൺകുട്ടിയായിരുന്നു. കേരളത്തിന് വെളിയിൽ ജെസ്‌നയെ കണ്ടതായി പലരും പറഞ്ഞ അറിവനുസരിച്ചു വിവിധ സ്ഥലങ്ങളിൽ കേരളാ പോലീസ് അന്വേഷണം നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ജെസ്‌നയുടെ കുടുംബാങ്ങങ്ങളെയും സുഹൃത്തുക്കളെയും സഹപാഠികളെയും പോലീസ് ചോദ്യം ചെയ്‌തെങ്കിലും ആരിൽ നിന്നും ജെസ്‌നയിലേക്കെത്താൻ ഒരു തുമ്പും കിട്ടിയില്ല. രണ്ടു ലക്ഷത്തിലധികം ഫോൺ കോളുകളാണ് ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പോലീസ് പരിശോധിച്ചത്. 300 ലധികം പേരെയാണ് പോലീസ് ചോദ്യം ചെയ്തത് ഇവരിൽ 150 ലധികം പേരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.