കോട്ടയം: കൈത്തറി മേഖലയെ സംരക്ഷിക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് സഹകരണ-തുറമുഖ-ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. കേരള ഖാദി ഗ്രാമവ്യവസായ ബോർഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും ചേർന്ന് സംഘടിപ്പിക്കുന്ന ഓണം ഖാദിമേളയുടെ ജില്ലാതല ഉദ്ഘാടനം കോട്ടയം ബേക്കർ ജങ്ഷനിലെ ഖാദി ഗ്രാമസൗഭാഗ്യ അങ്കണത്തിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
വൈവിധ്യമാർന്ന ഖാദി ഉൽപ്പന്നങ്ങളാണ് ഖാദിബോർഡ് വിപണിയിലെത്തിച്ചിട്ടുള്ളതെന്നും ഗുണമേന്മയാർന്ന വസ്ത്രങ്ങൾ വിലക്കിഴിവിൽ ലഭ്യമാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഡിസൈനർ വസ്ത്രങ്ങളുടെ പുറത്തിറക്കൽ ചടങ്ങ് നിർവഹിച്ചു. ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ആദ്യവിൽപ്പന നിർവൾഹിച്ചു. നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, ഖാദി ഗ്രാമവ്യവസായ ബോർഡ് അംഗങ്ങളായ കെ.എസ്. രമേഷ് ബാബു, സാജൻ തൊടുകയിൽ, കോട്ടയം ഭവൻ ഡയറക്ടർ ബി. വിന്ദ്യ, പ്രോജക്റ്റ് ഓഫീസർ എം.വി. മനോജ് കുമാർ എന്നിവർ പങ്കെടുത്തു.
നഗരസഭാംഗം സിൻസി പാറയിൽ സമ്മാനകൂപ്പൺ ഉദ്ഘാടനം നിർവഹിച്ചു. ഖാദി ഓണം മേള സെപ്റ്റംബർ 14 വരെ നടക്കും. ഖാദി തുണിത്തരങ്ങൾക്ക് 30 ശതമാനം വരെ സർക്കാർ റിബേറ്റും ഓരോ ആയിരം രൂപയുടെ പർച്ചേസിനും സമ്മാനകൂപ്പണുകളും ലഭിക്കും. സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖല, സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് 1,00,000 രൂപ വരെ ക്രെഡിറ്റ് സൗകര്യം ലഭിക്കും. കോട്ടയത്തിന്റെ തനതായ ഉത്പന്നങ്ങൾക്ക് പുറമേ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുളള വൈവിധ്യമാർന്ന ഖാദി തുണിത്തരങ്ങൾ, റെഡിമെയ്ഡ് ഷർട്ടുകൾ, കോട്ടൻ കുർത്തികൾ, നാടൻ പഞ്ഞി മെത്തകൾ, സിൽക്ക് സാരികൾ, കോട്ടൺ സാരികൾ, ബെഡ്ഷീറ്റുകൾ, കൂടാതെ ഗ്രാമ-വ്യവസായ ഉൽപന്നങ്ങളായ തേൻ, ചക്കിലാട്ടിയ എള്ളെണ്ണ, സോപ്പ,്, സ്റ്റാർച്ച് എന്നിവ മേളകളിൽ സജ്ജമാക്കിയിട്ടുണ്ട്. ഓരോ വീട്ടിലും ഒരു ഖാദി ഉത്പന്നം എന്ന ലക്ഷ്യത്തോടുകൂടിയാണ് മേള സംഘടിപ്പിക്കുന്നത്.