ഗസറ്റിൽ പേര് മാറ്റിയാൽ ഇനി മുതൽ വിവാഹ രജിസ്റ്ററിലെയും സർട്ടിഫിക്കറ്റിലേയും പേര് തിരുത്താം: മന്ത്രി എം.ബി. രാജേഷ്.


കോട്ടയം: ഗസറ്റിൽ പേര് മാറ്റിയാൽ ഇനി മുതൽ വിവാഹ രജിസ്റ്ററിലെയും സർട്ടിഫിക്കറ്റിലേയും പേര് തിരുത്താം എന്ന് മന്ത്രി എം ബി രാജേഷ്. മാസങ്ങളായി വിസയുടെ ആവശ്യത്തിനായി വിവാഹ രജിസ്റ്ററിലെ പേര് തിരുത്തലിന് പരിശ്രമിക്കുന്ന കറുകച്ചാൽ സ്വദേശി സൂരജിന്റെ പരാതിക്ക് തദ്ദേശ അദാലത്തിൽ പരിഹാരമായി.

 

 സൂരജിന്റെ വിവാഹ സമയത്തെ പേരാണ് നിലവിൽ വിവാഹ രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിൽ തെറ്റുണ്ട്. തിരുത്തിയ പേര് ഗസറ്റിൽ പ്രസിദ്ധീകരിച്ചെങ്കിലും വിവാഹ രജിസ്റ്ററിൽ മാറ്റാനായില്ല. ഇതിന് നിലവിൽ നിയമപ്രകാരം സൗകര്യമുണ്ടായിരുന്നില്ല. വിസയുടെ ആവശ്യത്തിനായാണ് സൂരജ് പേര് മാറ്റം ഗസറ്റിൽ പ്രസിദ്ധീകരിച്ചത്. പരാതിയുമായി തദ്ദേശ അദാലത്തിനെത്തിയ സൂരജിന്റെ പ്രശ്നത്തിൽ ഇടപെട്ടു. 



ഗസറ്റ് വിജ്ഞാപനത്തിന്റെയും എസ് എസ് എൽ സി ബുക്കിലെ തിരുത്തലിന്റെയും അടിസ്ഥാനത്തിൽ, വിവാഹ രജിസ്റ്ററിൽ തിരുത്തൽ വരുത്തി നൽകാൻ ഉത്തരവിട്ടു. ഗസറ്റിലെ മാറ്റം അനുസരിച്ച് എസ് എസ് എൽ സി സർട്ടിഫിക്കറ്റിലും അതിന്റെ അടിസ്ഥാനത്തിൽ ജനന സർട്ടിഫിക്കറ്റിലും മാറ്റം വരുത്താൻ നിലവിൽ സൗകരമുണ്ട് എന്ന് മന്ത്രി പറഞ്ഞു. വിവാഹ സർട്ടിഫിക്കറ്റിനു ഒപ്പം ഗസറ്റ് വിജ്ഞാപനം കൂടി ചേർത്ത് വെക്കുക മാത്രമാണ് നിലവിൽ ചെയ്യുന്നത്. തിരുത്താൻ വ്യവസ്ഥയുണ്ടായിരുന്നില്ല. വിസ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇതുമൂലം നിരവധി പ്രശ്നങ്ങളുണ്ടാവുന്നു. ഇത് പരിഗണിച്ചാണ് പൊതു ഉത്തരവ് പുറത്തിറക്കാൻ തീരുമാനമായത്. ഗസറ്റ് വിജ്ഞാപനത്തിന്റെയും എസ് എസ് എൽ സി ബുക്കിലെ തിരുത്തലിന്റെയും അടിസ്ഥാനത്തിൽ വിവാഹ രജിസ്റ്ററിലും സർട്ടിഫിക്കറ്റിലും തിരുത്തൽ വരുത്താനാണ് നിർദ്ദേശം നൽകിയത്. ഇത് സംസ്ഥാന വ്യാപകമായി എല്ലാ തദ്ദേശ സ്ഥാപനങ്ങൾക്കും ബാധകമാക്കും. ഇത് സംബന്ധിച്ച സർക്കാർ നടപടികൾ അതിവേഗം പൂർത്തിയാക്കി,  പൊതു ഉത്തരവ് ഉടൻ പുറത്തിറക്കും. വിവാഹ രജിസ്റ്ററിലെ തെറ്റ് തിരുത്താനുള്ള സൂരജിന്റെ ശ്രമം ആയിരക്കണക്കിന് പേർക്ക് ഗുണകരമാവുന്ന രീതിയിലുള്ള പൊതു ഉത്തരവിനാണ് വഴിവെച്ചത്. മാസങ്ങളായി അനുഭവിക്കുന്ന പ്രശ്നത്തിന് പരിഹാരമായ സന്തോഷത്തോടെയാണ് സൂരജ് തദ്ദേശ അദാലത്തിൽ നിന്ന് മടങ്ങിയത്.