കോട്ടയം മണർകാട് ടിപ്പർ ലോറി റോഡിൽ താഴ്ന്നു, വാഹനം മാറ്റിയപ്പോൾ റോഡ് ഇടിഞ്ഞു താഴ്ന്നു, കണ്ടത് നോറ്റാണ്ടുകൾ പഴക്കമുള്ള കിണർ!


മണർകാട്: കോട്ടയം മണർകാട് ടിപ്പർ ലോറി റോഡിൽ താഴ്ന്നു. വാഹനം മാറ്റിയപ്പോൾ റോഡ് ഇടിഞ്ഞു താഴുകയും വലിയ ഗർത്തം രൂപപ്പെടുകയും ചെയ്തു. കാഴ്ച കണ്ടവർ കണ്ടത് നൂറ്റാണ്ടുകൾ പഴക്കമുള്ള കിണർ.

 

 വ്യാഴാഴ്ച വൈകിട്ട് മണർകാട് ആശുപത്രിക്കും പള്ളിക്കും മധ്യേയുള്ള മണർകാട് പള്ളി – കണിയാംകുന്ന് റോഡിലാണ് സംഭവം. ടിപ്പർ ലോറിയുടെ പിൻചക്രം റോഡിൽ താഴുകയായിരുന്നു. തുടർന്ന് ജെ സി ബി ഉപയോഗിച്ച് ടിപ്പർ താഴ്ചയിൽ നിന്നും പൊക്കിയെടുത്തപ്പോഴാണ് റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടതാണ് കണ്ടത്. ലോറി പോയിക്കഴിഞ്ഞപ്പോഴേക്കും കല്ലും മണ്ണും അടർന്നു കുഴിയിലേക്ക് വീഴുകയായിരുന്നു. സംഭവം അറിഞ്ഞു കൂടിയ നാട്ടുകാർ നോക്കിയപ്പോൾ കണ്ടത് നൂറ്റാണ്ടുകൾ പഴക്കമുള്ള കിണറാണ്. മുൻപ് ഈ റോഡിനു വീതി കുറവായിരുന്നതായും പിന്നീട് പള്ളി വിട്ടുനൽകിയ സ്ഥലത്തൂടെ റോഡ് വീതി കൂട്ടി പണിയുകയായിരുന്നു എന്നും പ്രദേശവാസികൾ പറഞ്ഞു. അന്ന് ഉണ്ടായിരുന്ന ഉപയോഗശൂന്യമായ കിണർ വലിയ കല്ല് ഉപയോഗിച്ച് അടച്ചെങ്കിലും കാലക്രമേണ കല്ല് താഴ്ന്നു പോയതാകാം ഇപ്പോൾ ഗർത്തം രൂപപ്പെടാൻ കാരണമെന്നും നാട്ടുകാർ പറഞ്ഞു. കല്ലും മണ്ണും ഉപയോഗിച്ച് കിണർ മൂടി റോഡ് ഗതാഗത യോഗ്യമാക്കി.