മണിമല: കോട്ടയം മണിമലയിൽ പ്രവർത്തിക്കുന്ന പാറമടകൾക്കെതിരെ പരാതിയുമായി നാട്ടുകാർ. കാഞ്ഞിരപ്പള്ളി താലൂക്കിൽ മണിമല ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പൂവത്തോലി മലയിലെ പാറമടകൾക്കെതിരെയാണ് പരാതിയുമായി നാട്ടുകാർ രംഗത്ത് എത്തിയിരിക്കുന്നത്.
പാറമടകളുടെ പ്രവർത്തനത്തിനിടെ ഉണ്ടാകുന്ന പ്രകമ്പനത്തിൽ സമീപത്തെ വീടുകൾക്ക് കേടുപാട് സംഭവിക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു. പലതവണ പരാതി നൽകിയിട്ടും ബന്ധപ്പെട്ട വകുപ്പുകളോ നിയമപാലകരോ ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. വർഷങ്ങളായി വൻതോതിൽ പാറ പൊട്ടിക്കൽ നടക്കുന്നതിനാൽ പ്രകൃതി ദുരന്തത്തിന് കാരണമായേക്കാവുന്ന തരത്തിൽ ആണ് ഇവിടെ നിലവിൽ നടക്കുന്ന ഘനനപ്രവർത്തനങ്ങൾ എന്ന് പ്രദേശവാസികൾ പറയുന്നു.
ഇവിടെ നടക്കുന്ന സ്ഫോടനങ്ങൾ പ്രദേശത്തെ കെട്ടിടങ്ങളെ ദുർബലപ്പെടുത്തുന്നതായും കിണറു കളുടെ ഭീത്തി കൾക്ക് ബലക്ഷയം സംഭവിക്കുന്നതായും സ്ഫോടനങ്ങൾ നിമിത്തം ജനൽ ചില്ലുകളും മറ്റും തകർന്നുടയുന്നതായും പ്രദേശവാസികൾ പറഞ്ഞു. ഘനനങ്ങളുടെ ഫലമായി രൂപപ്പെട്ട ധാരാളം പാറ മടകൾ വെള്ളം കെട്ടിക്കിടക്കുന്നത് ഈ മലയിൽ ഉള്ളത് സമീപവാസികളുടെ ഉറക്കം കെടുത്തുന്നു. വയനാട്ടിൽ സംഭവിച്ചത് പോലെ യുള്ള വൻ ദുരന്തങ്ങൾക്ക് ഇവിടെ നടക്കുന്ന ഘനന പ്രവർത്തനങ്ങൾ ഇടയാക്കുമോ എന്ന ആശങ്ക ദുരീകരിയ്ക്കാൻ സർക്കാർ തയ്യാറാകണം എന്ന് ജനങ്ങൾ ആവശ്യപ്പെട്ടു. കഴിഞ്ഞ ഒരു വർഷത്തിനിടെ മലയുടെ ഇരുവശങ്ങളിലുമായി നിരവധി പാറമടകളാണ് രൂപം കൊണ്ടിരിക്കുന്നത്. ഇവയിൽ ലൈസൻസില്ലാത്തതുമുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. പാറമടക്കാര്‍ക്കെതിരെ സംസാരിച്ചാൽ ജീവനു ഭീഷണി ഉണ്ടെന്നും നാട്ടുകാർ പറയുന്നു.