കോട്ടയം: കോട്ടയം നഗരസഭയിൽ പെൻഷൻ വിതരണത്തിന്റെ മറവിൽ വൻ തട്ടിപ്പ് നടത്തിയ കോട്ടയം നഗരസഭയിലെ ക്ലർക്കായിരുന്ന കൊല്ലം മങ്ങാട് ആൻസി ഭവനിൽ അഖിൽ സി വർഗീസ് മുൻപും ജോലി ചെയ്തിരുന്ന സ്ഥാപനങ്ങളിൽ തട്ടിപ്പ് നടത്തിയിരുന്നു.
പിതാവിന്റെ മരണത്തെത്തുടർന്ന് ആശ്രിത നിയമനമായിട്ടാണ് കൊല്ലം കോർപറേഷനിൽ അഖിൽ ജോലിക്ക് പ്രവേശിച്ചത്. കൊല്ലം കോർപറേഷനിൽ ജോലിയിലിരിക്കെ 40 ലക്ഷം രൂപ തിരിമറി നടത്തിയതിനു സസ്പെൻഷനിലായിരുന്നു. സസ്‌പെൻഷന് ശേഷം 2017ൽ ഈരാറ്റുപേട്ട നഗരസഭയിൽ എത്തി. ഇവിടെയും ഇയാൾക്കെതിരെ സാമ്പത്തിക തട്ടിപ്പിന് പരാതി ഉയർന്നിരുന്നു. മിനിട്‌സ് നഷ്‌ടപ്പെട്ട സംഭവത്തിൽ വിജിലൻസ് കേസ് എടുക്കുകയും ചെയ്‌തിരുന്നു. 2020ലാണ് കോട്ടയത്ത് എത്തുന്നത്. ജീവനക്കാരൻ മൂന്നുകോടിയിലധികം രൂപ തട്ടിയെടുത്തതായി കണ്ടെത്തിയതിനെ തുടർന്ന് നഗരസഭാ സെക്രട്ടറി ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. നിലവിൽ വൈക്കം നഗരസഭയിൽ ജോലി ചെയ്യുന്ന ഇയാൾ സംഭവത്തെ തുടർന്ന് ഒളിവിലാണ്. പെൻഷൻ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന അഖിൽ പ്രതിമാസം 4 ലക്ഷം രൂപ വരെ തിരിമറി നടത്തിയത്. 2020 മുതൽ കോട്ടയം നഗരസഭയിൽ അഖിൽ ജോലി ചെയ്തിരുന്ന സമയത്തത്തെ തിരിമറിയാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. റിട്ട.ജീവനക്കാരിയല്ലാത്ത അമ്മയുടെ അക്കൗണ്ടിലേക്ക് ആണ് പെൻഷൻതുക അയച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈരാറ്റുപേട്ട നഗരസഭയിൽ നിന്നു സ്ഥലം മാറി 2020 മാർച്ച് 12 നാണ് അഖിൽ കോട്ടയത്ത് എത്തിയത്. 2023 നവംബറിൽ വൈക്കത്തേക്കു മാറ്റം ലഭിച്ചു. ഈ കാലയളവിലാണ് തിരിമറി നടന്നത്. വാർഷിക സാമ്പത്തിക കണക്കെടുപ്പിലാണ് വിവരം പുറത്തായത്. യഥാർഥ പെൻഷൻകാരി മരിച്ചപ്പോൾ വിവരം രജിസ്റ്ററിൽ ചേർക്കാതെ അവരുടെ പണം അമ്മ പി ശ്യാമളയുടെ പേരിലുള്ള അക്കൗണ്ടിലേക്ക് അയക്കുകയായിരുന്നു. സംഭവത്തിൽ എൽ ഡി എഫ്-ബി ജെ പി അംഗങ്ങൾ പ്രതിഷേധിച്ചു. യുഡിഎഫ് ഭരണസമിതിയുടെയും അധ്യക്ഷയുടെയും സഹായമില്ലാതെ ഇത്തരത്തിൽ തട്ടിപ്പിന് സാധിക്കില്ലെന്നാണ് ആരോപണം.