കോട്ടയം: വീട്ടിലേക്ക് ഫോൺ ചെയ്തുകൊണ്ടിരിക്കുന്നതിനിടെ കുഴഞ്ഞു വീണ് റിയാദിൽ കോട്ടയം സ്വദേശി മരിച്ചു. കോട്ടയം സംക്രാന്തി സ്വദേശി സജി മൻസിലിൽ അസീം ഖാൻ സിദ്ധീഖ് (48) ആണ് വെള്ളിയാഴ്ച മരിച്ചത്.
വെള്ളിയാഴ്ച പുലർച്ചെ വീട്ടിലേക്ക് ഫോൺ ചെയ്ത് പിതാവുമായി സംസാരിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റിയാദിൽ സ്വകാര്യ കമ്പനി ജീവനക്കാരനായ അസീം 20 വർഷമായി റിയാദിൽ ജോലി ചെയ്തു വരികയായിരുന്നു.
വർഷങ്ങളായി റിയാദിൽ കുടുംബസമേതം താമസിക്കുകയായിരുന്നു. സഹോദരനടക്കം നിരവധി ബന്ധുക്കൾ റിയാദിലുണ്ട്. രണ്ട് മാസം മുമ്പാണ് കുടുംബത്തോടൊപ്പം അവധിക്ക് നാട്ടിൽ പോയി വന്നത്. മൃതദേഹം തിങ്കളാഴ്ച വൈകിട്ട് നാട്ടിലെത്തിക്കും. ചൊവ്വാഴ്ച നീലിമംഗലം ജുമാമസ്ജിദിൽ കബറടക്കം നടത്തും. ഭാര്യ: മുഅ്മിന, മക്കൾ: അയിഷ, ആലിയ, ആമിന, ആദിൽ, അബ്രാർ.