കോട്ടയം: കോട്ടയത്ത് മജിസ്ട്രേറ്റിനെ അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത ഭാര്യയും ഭർത്താവും അറസ്റ്റിൽ. കോട്ടയം നഗരമധ്യത്തിൽ വച്ച് കഴിഞ്ഞദിവസം രാത്രി 7.30 ഓടെയാണ് സംഭവം.
സംഭവത്തിൽ അയ്മനം പാണ്ഡവം ഭാഗത്ത് ശ്രീനവമി വീട്ടിൽ ചക്കര എന്ന് വിളിക്കുന്ന നിധിൻ പ്രകാശ് (27), ഭാര്യ സുരലത സുരേന്ദ്രൻ(23) എന്നിവരെ കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം ബേക്കർ ജംഗ്ഷന് സമീപമുള്ള കെട്ടിടത്തിന്റെ പാർക്കിംഗ് ഏരിയയിൽ വച്ച് മജിസ്ട്രേറ്റ് ഔദ്യോഗിക വാഹനം പാർക്ക് ചെയ്ത് പുറത്തിറങ്ങിയ സമയത്ത് സമീപത്ത് പാർക്ക് ചെയ്തിരുന്ന ഇവരുടെ വാഹനത്തിൽ നിന്നും ഇവർ പുറത്തിറങ്ങുകയും മജിസ്ട്രേറ്റിനെ ചീത്തവിളിക്കുകയും ആയിരുന്നു. ഇവരുടെ കാറിൽ കരുതിയിരുന്ന പെട്രോൾ നിറച്ച കുപ്പി മജിസ്ട്രേറ്റിന് നേരെ ഓങ്ങി കൊല്ലും എന്ന് ഭീഷണിപ്പെടുത്തുകയും, കൂടാതെ കാറിൽ കരുതിയിരുന്ന ബിയർ കുപ്പി എടുത്തു നിലത്ത് പൊട്ടിച്ച് സംഭവസ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. സംഭവത്തിൽ ഇവർക്കെതിരെ പോലീസ് കൊലപാതക ശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തു. നിധിൻ പ്രകാശിനെതിരെ കോട്ടയം വെസ്റ്റ്, ഏറ്റുമാനൂര്, കോട്ടയം ഈസ്റ്റ് എന്നീ സ്റ്റേഷനുകളിലായി കൊലപാതകം ഉൾപ്പെടെ നിരവധി കേസുകൾ നിലവിലുണ്ട് എന്ന് പോലീസ് പറഞ്ഞു.