കോട്ടയം: യു കെ യിൽ ഭാര്യയുടെ മരണത്തിനു പിന്നാലെ ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം ചിങ്ങവനം വലിയപറമ്പിൽ അനിൽ ചെറിയനെയാണ് ഇവരുടെ താമസ സ്ഥലത്തിനു പുറത്തെ കാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസമാണ് ഭാര്യ സോണിയ സാറ ഐപ്പ് വീട്ടിൽ കുഴഞ്ഞു വീണു മരിച്ചത്. നാട്ടിൽ നിന്നും ദിവസങ്ങൾക്കു മുൻപ് ആണ് സോണിയ യു കെ യിൽ മടങ്ങിയെത്തിയത്. റെഡ്ഡിച്ചിലെ അലക്സാണ്ട്ര ഹോസ്പിറ്റലിലെ നേഴ്സ് ആയിരുന്നു. കാലിലെ ഒരു സർജറി സംബന്ധമായി 10 ദിവസം മുൻപ് നാട്ടിൽ പോയി മടങ്ങിയെത്തിയ ഉടനെ ആണ് ആകസ്മിക വേർപാട് സംഭവിച്ചത്.
വീട്ടിൽ കുഴഞ്ഞുവീണ ഉടനെ അടിയന്തര വൈദ്യസഹായം എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കുവാൻ കഴിഞ്ഞില്ല. ഭാര്യയുടെ മരണത്തിൽ ദുഖിതനായ അനിൽ ജീവനൊടുക്കിയതാണ് എന്നാണ് പ്രാഥമിക നിഗമനം. സോണിയയുടെ ഭർത്താവ് അനിലിനെ ഇന്ന് വീടിനു സമീപത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്ന് പുലർച്ചെ യുകെ സമയം നാലരയോടെ അനിലിനെ കാണാതെ വന്നതോടെ അയൽവാസികളും സുഹൃത്തുക്കളും അന്വേഷിക്കുന്നതിനിടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസിനൊപ്പം അയൽവാസികളും സുഹൃത്തുക്കളും നടത്തിയ തിരച്ചിലിലാണ് അനിലിനെ താമസ സ്ഥലത്തിനു പിന്നിലെ കാട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയുമായി അടുത്ത ആത്മബന്ധമുണ്ടായിരുന്ന അനിൽ സോണിയയുടെ മരണത്തിൽ കടുത്ത ദുഖിതനായിരുന്നു. സോണിയുടെ മൃതശരീരം നാട്ടിലേയ്ക്ക് എത്തിയ്ക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് അനിലിന്റെയും മരണ വാർത്ത എത്തിയിരിക്കുന്നത്. ഇരുവരുടെയും മരണത്തിൽ ദുഖിതരാണ് ബന്ധുക്കളും സുഹൃത്തുക്കളും. ലിയായും ലൂയിസും ആണ് മക്കൾ.