കോട്ടയം: പഠനം മുടങ്ങിയ മുതിർന്ന പഠിതാക്കൾക്കായി സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ഏഴാം തരം തുല്യതാ പരീക്ഷ എഴുതാൻ ഉത്സാഹത്തോടെ പഠിതാക്കൾ.
ശനി, ഞായർ ദിവസങ്ങളിലായി നടക്കുന്ന ഏഴാം തരം തുല്യതാ പരീക്ഷ ജില്ലയിലെ 14 പരീക്ഷാ കേന്ദ്രങ്ങളിലായി 78 പേരാണ് എഴുതിയത്. പരീക്ഷാകേന്ദ്രങ്ങളിൽ ജനപ്രതിനിധികൾ പഠിതാക്കളെ സ്വീകരിച്ചു. ഏഴാം തരത്തിന് മലയാളം, ഇംഗ്ലീഷ്, ഹിന്ദി,സാമൂഹ്യ ശാസ്ത്രം, അടിസ്ഥാന ശാസ്ത്രം, ഗണിതം എന്നീ വിഷയങ്ങളിലാണ് പരീക്ഷ. ഈരാറ്റുപേട്ട ഗവ എച്ച്.എസ്.എസിൽ നടന്ന ഏഴാം തരം തുല്യതാ പരീക്ഷക്ക് ജില്ലാ കോർഡിനേറ്റർ പി എം അബ്ദുൾകരീം ചോദ്യപേപ്പർ നൽകി തുടക്കം കുറിച്ചു. പ്രേരക്മാരായ ഇന്ദിര മധുസൂദനൻ, എം.എ. രമണി, ജെസി തോമസ്, വി.എം ഏലിക്കുട്ടി, കെ.കെ മായാബായി എന്നിവർ നേതൃത്വം നൽകി. മരങ്ങാട്ടുപിള്ളിയിൽ ഏഴാം തരം തുല്യത പരീക്ഷ ചോദ്യപേപ്പർ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ നിർവഹിച്ചു. മാടപ്പള്ളി ബ്ലോക്കിൽ തൃക്കൊടിത്താനം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന തുല്യത പരീക്ഷയ്ക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പ്രിൻസി രാജേഷ് ചോദ്യപേപ്പർ വിതരണം ചെയ്ത് തുടക്കം കുറിച്ചു. അസിസ്റ്റന്റ് കോർഡിനേറ്റർ ആർ സിംല, പ്രേരക്മാരായ ജോജി, ഷൈലജ, സുനിൽ എന്നിവർ നേതൃത്വം നല്കി. ഉദയനാപുരത്ത് ഏഴാംതരം തുല്യത പരീക്ഷക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ജെ മോളി ചോദ്യപേപ്പർ നൽകി തുടക്കം കുറിച്ചു. വൈസ് പ്രസിഡന്റ് ഉഷ രാജു, വാർഡ് മെമ്പർ പ്രസീത സജീവ് എന്നിവർ സംബന്ധിച്ചു. പ്രേരക് കെ.പി ബീന നേതൃത്വം നൽകി. കോട്ടയം ഗവ.മോഡൽ ഹൈസ്‌കൂളിൽ നടന്ന ഏഴാം തരം തുല്യതാ പരീക്ഷക്ക് ഓഫീസ് അസിസ്റ്റന്റ് താരാ തോമസ് പ്രേരക്മാരായ ശ്രീകല, അന്നമ്മ എന്നിവർ നേതൃത്വം നൽകി.