കോട്ടയം: രാജ്യത്തെ പ്രധാന നഗരങ്ങളിലെ സർക്കാർ ബസുകളുടെ മാതൃകയിൽ നമ്മുടെ കെഎസ്ആർടിസിയും. സംസ്ഥാനത്ത് അക്കങ്ങൾ ഉൾപ്പെടുത്തിയ സ്ഥലനാമ ബോർഡുകൾ തയ്യാറാക്കി കെഎസ്ആർടിസി.
ഡെസ്റ്റിനേഷൻ ബോർഡുകൾ വായിക്കുവാൻ ബുദ്ധിമുട്ടുള്ളവർക്കും ഭാഷ അറിയാത്ത യാത്രക്കാർക്കും മറ്റ് യാത്രക്കാർക്കും ഡെസ്റ്റിനേഷൻ ബോർഡുകൾ വായിച്ച് മനസ്സിലാക്കുന്നതിനുള്ള ബുദ്ധിമുട്ടുകൾ കുറക്കുന്നതിനും അന്തർ സംസ്ഥാന യാത്രക്കാർക്കും ടൂറിസ്റ്റുകൾക്കും വളരെ എളുപ്പത്തിൽ സ്ഥലനാമങ്ങൾ മനസ്സിലാക്കുവാൻ കഴിയുന്ന തരത്തിലും ഡെസ്റ്റിനേഷൻ ബോർഡുകളിൽ സ്ഥലനാമ നമ്പർ ഉൾപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ 1 മുതൽ 14 വരെ ജില്ലാ അടിസ്ഥാനമാക്കിയുള്ള നമ്പറിംഗ് സംവിധാനവും, റെയിൽവേ സ്‌റ്റേഷൻ,എയർപോർട്ട്, മെഡിക്കൽ കോളേജുകൾ, സിവിൽ സ്‌റ്റേഷൻ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുടങ്ങിയവയ്ക്ക് പ്രത്യേക നമ്പറുകളും ആണ് നൽകിയിരിക്കുന്നത്. കോട്ടയം ജില്ലയിൽ ബോർഡുകളിൽ ഡെസ്റ്റിനേഷൻ നമ്പറുകളിൽ കെഎസ്ആർടിസി സർവ്വീസ് ആരംഭിച്ചു. സ്ഥലപ്പേരുകളും ഒപ്പം ബസ്സ് കടന്നു പോകുന്ന മറ്റു ഡിപ്പോയുടെ നമ്പറുകളും ബസ്സ് സർവ്വീസ് അവസാനിപ്പിക്കുന്ന ഡിപ്പോയുടെ നമ്പറും ബോർഡിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഓരോ ജില്ലയെയും സൂചിപ്പിക്കുന്നതിന് ഒരു ജില്ലാ കോഡ് നൽകും. അത് രണ്ടക്ക ഇംഗ്ലീഷ് അക്ഷരങ്ങൾ ഉണ്ടായിരിക്കും. ഡെസ്റ്റിനേഷൻ നമ്പർ ഒന്നു മുതൽ 14 വരെ ജില്ലാ കേന്ദ്രങ്ങളായ കെഎസ്ആർടിസി ഡിപ്പോകൾക്ക് ആണ് നൽകിയിരിക്കുന്നത്. 15 മുതൽ 99 വരെ മറ്റ് കെഎസ്ആർടിസി ഡിപ്പോകൾക്ക് നൽകിയിട്ടുണ്ട്. ഡെസ്റ്റിനേഷൻ നമ്പർ 100 മുതൽ 199 വരെ ഓരോ ജില്ലയിലെയും സിവിൽ സ്റ്റേഷൻ, മെഡിക്കൽ കോളേജ്, വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ പ്രധാന സ്ഥലങ്ങൾ എന്നിവക്ക് നൽകും. കോട്ടയത്ത് സർവ്വീസ് അവസാനിപ്പിക്കുന്ന ബസ്സുകളുടെ നമ്പർ KT 5 എന്നായിരിക്കും. ചങ്ങനാശേരി 52, പൊൻകുന്നം 53, ഈരാറ്റുപേട്ട 54, പാലാ 55, വൈക്കം 56, എരുമേലി 59 എന്നിങ്ങനെയാണ് ജില്ലയിലെ മറ്റു ഡിപ്പോയുടെ നമ്പറുകൾ. ജില്ലയിൽ പ്രവർത്തിക്കുന്ന ബസുകളിൽ ഡിപ്പോ കോഡ് മാത്രമായിരിക്കും രേഖപ്പെടുത്തുന്നത്.