കാഞ്ഞിരപ്പള്ളി: കെഎസ്ആർടിസി ഡിപ്പോകൾക്ക് പുതിയ വാഹനങ്ങൾ അനുവദിക്കുന്നത് സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് പൂഞ്ഞാർ എം എൽ എ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു.
കോട്ടയം ജില്ലയിൽ കെഎസ്ആർടിസി ഡിപ്പോകൾക്ക് പുതുതായി വാഹനങ്ങൾ അലോട്ട് ചെയ്യാൻ നിശ്ചയിച്ചിരിക്കുന്നതായും ഇതുപ്രകാരം മറ്റു പല ഡിപ്പോകൾക്കും പുതിയ വാഹനങ്ങൾ ലഭിക്കുമ്പോൾ ഈരാറ്റുപേട്ട ഡിപ്പോ മാത്രം അവഗണിക്കപ്പെട്ടു എന്നും മറ്റുമുള്ള മാധ്യമ വാർത്തകൾ തികച്ചും അടിസ്ഥാനരഹിതമാണ് എന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആർടിസി നിലവിൽ പുതിയ ബസുകൾ ഒന്നും ഈ ആവശ്യത്തിലേയ്ക്ക് വാങ്ങിയിട്ടില്ല. കെഎസ്ആർടിസിക്ക് വേണ്ടി 40 സീറ്റ് കപ്പാസിറ്റിയുള്ള 220 പുതിയ ഡീസൽ ബസ്സുകൾ വാങ്ങുന്നതിനുള്ള ടെൻഡർ നടപടികൾ നടന്നുവരുന്നത് മാത്രമേയുള്ളൂ. സംസ്ഥാനത്തുടനീളം 140 കിലോമീറ്ററിലധികം ഓടുന്ന ഫാസ്റ്റ് പാസഞ്ചർ മുതൽ മുകളിലേക്കുള്ള വിഭാഗങ്ങളിലുള്ള പെർമിറ്റുകൾ കോടതിവിധിയുടെ അടിസ്ഥാനത്തിൽ കെഎസ്ആർടിസി ഏറ്റെടുത്തിട്ടുണ്ട്. ഈ സർവീസുകൾ ഓപ്പറേറ്റ് ചെയ്യുന്നതിനായിട്ടാണ് പുതിയ ബസ്സുകൾ വാങ്ങുന്നതിന് നിശ്ചയിച്ചിട്ടുള്ളത് എന്നും അദ്ദേഹം പറഞ്ഞു. ഈ വിഭാഗത്തിൽപ്പെടുന്ന റൂട്ടുകൾ ഓരോ ഡിപ്പോയിൽ നിന്നും ഓപ്പറേറ്റ് ചെയ്യപ്പെടുന്നതിന്റെ കണക്കെടുപ്പ് നടന്നു എന്നതിലപ്പുറം ബസ് അലോട്ട്മെന്റ് സംബന്ധിച്ച് നിലവിൽ ഒരു തീരുമാനവും കെഎസ്ആർടിസി കൈകൊണ്ടിട്ടില്ല. ഇത് സംബന്ധിച്ച് ഗതാഗത വകുപ്പ് മന്ത്രി കെ. ബി ഗണേഷ് കുമാറുമായി വിശദമായി സംസാരിച്ചിരുന്നതായും ബസ്സുകൾ വാങ്ങി കഴിയുമ്പോൾ അവ അലോട്ട് ചെയ്യുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്ന ഘട്ടത്തിൽ ഈരാറ്റുപേട്ട ഡിപ്പോയ്ക്കും മതിയായ പരിഗണന നൽകുമെന്ന് മന്ത്രി ഉറപ്പു നൽകിയിട്ടുണ്ട് എന്നും അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ പറഞ്ഞു. പുതിയ വാഹനങ്ങൾ വാങ്ങുകയോ അവ വിവിധ ഡിപ്പോകൾക്ക് അലോട്ട് ചെയ്യുന്നത് സംബന്ധിച്ച് ഒരു ഔദ്യോഗിക തീരുമാനം കൈക്കൊള്ളുകയോ ചെയ്യുന്നതിനു മുൻപേ ഉണ്ടായിട്ടുള്ള ഈ വാർത്ത തികച്ചും വസ്തുതാ വിരുദ്ധമാണ്. ഈരാറ്റുപേട്ട ഡിപ്പോയുടെ മെച്ചപ്പെട്ട നിലയിലുള്ള പ്രവർത്തനത്തിന് കഴിയുന്ന എല്ലാ നടപടികളും സ്വീകരിച്ചു വരികയുമാണ്. കെഎസ്ആർടിസി ഇപ്പോൾ വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്നതിനാലാണ് പല വികസന പ്രവർത്തനങ്ങൾക്കും തടസ്സം നേരിട്ടിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആർടിസി ഡിപ്പോയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് ഉദ്ദേശിച്ച് ഉന്നത ഉദ്യോഗസ്ഥരെ ഉൾപ്പെടെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു യോഗം നടത്തുന്നതിന് തീരുമാനിച്ചിട്ടുണ്ട്. പ്രസ്തുത യോഗത്തിൽ കഴിയുന്നത്ര ഗുണകരമായ തീരുമാനങ്ങൾ എടുത്ത് നടപ്പിലാക്കും. അതോടൊപ്പം ഏതാനും പുതിയ ഓർഡിനറി സർവീസുകൾ ഈരാറ്റുപേട്ടയിൽ നിന്നും ആരംഭിക്കത്തക്ക നിലയിൽ അനുവദിക്കാമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്. അതുപോലെതന്നെ ഗതാഗത വകുപ്പ് പുതുതായി ആവിഷ്കരിച്ചിരിക്കുന്ന ഗ്രാമപ്രദേശങ്ങളിലെയും, ഉൾമേഖലകളിലെയും പൊതുഗതാഗത സൗകര്യം വർദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള റൂട്ട് ഫോർമുലേഷൻ പദ്ധതി പൂഞ്ഞാർ നിയോജക മണ്ഡലത്തിലും വിജയകരമായി നടപ്പിലാക്കുന്നത് ലക്ഷ്യം വെച്ച് തിങ്കളാഴ്ച 2.30 നു തിടനാട് ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ച് ജനപ്രതിനിധികളുടെയും മോട്ടോർ വാഹന വകുപ്പ് അധികൃതരുടെയും യോഗം വിളിച്ചുചേർത്ത് റൂട്ട് ഫോർമുലേഷൻ നടത്തുന്നതിനും നിശ്ചയിച്ചിട്ടുണ്ട് എന്നും അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു.