ചങ്ങനാശ്ശേരി: ചങ്ങനാശേരി അതിരൂപതയുടെ പുതിയ മെത്രാപ്പോലീത്തയായി മാർ തോമസ് തറയിലിനെ സിറോമലബാർ സഭയുടെ 32-ാമത് സിനഡ് സമ്മേളനത്തിൽ തിരഞ്ഞെടുത്തു.
ചങ്ങനാശ്ശേരി അതിരൂപതയുടെ മെത്രാപ്പോലീത്തയായിരുന്ന മാർ ജോസഫ് പെരുംതോട്ടം 75 വയസ് പൂർത്തിയായതോടെ രാജി സമർപ്പിച്ചതിനെ തുടർന്നാണ് പുതിയ മെത്രാപ്പോലീത്തയായി മാർ തോമസ് തറയിൽ നിയമിതനായത്. ചങ്ങനാശ്ശേരി ടി ജെ ജോസഫിൻ്റെയും മറിയാമ്മയുടെയും ഏഴു മക്കളിൽ ഇളയ മകനായി 1972 ഫെബ്രുവരി 2ന് ജനിച്ച മാർ തോമസ് തറയിൽ 2000 ജനുവരി മാസം ഒന്നാം തീയതി വൈദികനായി അഭിഷിക്തനായി. റോമിലെ ഗ്രിഗോറിയൻ സർവകലാശാലയിൽ നിന്ന് മനഃശാസ്ത്രത്തിൽ ഡോക്ടറേറ്റും നേടിയിട്ടുണ്ട്. ചങ്ങനാശ്ശേരി അതിരൂപതയുടെ അഞ്ചാമത്തെ ആര്‍ച്ച് ബിഷപ്പാണ് മാര്‍ തോമസ് തറയില്‍. മാർ മാത്യു കാവുകാട്ട്, മാർ ആൻ്റണി പടിയറ, മാർ ജോസഫ് പവ്വത്തിൽ, മാർ ജോസഫ് പെരുന്തോട്ടം എന്നിവർക്ക് പിൻഗാമിയായാണ് മാർ തോമസ് തറയിൽ എത്തിയിരിക്കുന്നത്. ചങ്ങനാശേരി സെൻ്റ് മേരീസ് മെട്രോപൊളിറ്റൻ പള്ളി ഇടവകാംഗമാണ് മാർ തോമസ് തറയിൽ. അതിരമ്പുഴ പള്ളി, നെടുംകുന്നം പള്ളി, കോയിൽമുക്ക്-എടത്വാ പള്ളി എന്നിവിടങ്ങളിൽ അസിസ്റ്റൻ്റ് വികാരിയായി സേവനമനുഷ്ഠിച്ചു. 2004 ൽ താഴത്തുവടകര പള്ളിയിൽ വികാരിയായി സേവനമനുഷ്ഠിച്ചു. 2017 ജനുവരി 14 ന് കാക്കനാട് മൗണ്ട് സെൻ്റ് തോമസിൽ നടന്ന സീറോ മലബാർ സഭയിലെ ബിഷപ്പുമാരുടെ സിനഡ് ചങ്ങനാശ്ശേരി അതിരൂപതയുടെ സഹായമെത്രാനായി ഫാ.തോമസ് തറയിലിനെ തിരഞ്ഞെടുത്തു . മാർ ജോസഫ് പെരുന്തോട്ടം 2017 ഏപ്രിൽ 23-ന് സഹായമെത്രാനായി അഭിക്ഷേകം നൽകി. അഗ്രിപ്പിയയിലെ സ്ഥാനപതിയായും തിരഞ്ഞെടുക്കപ്പെട്ടു.