കോട്ടയത്ത് സ്വകാര്യ ബസ്സുകളിൽ മോട്ടോർ വാഹന വകുപ്പിന്റെ മിന്നൽ പരിശോധന, സ്പീഡ് ഗവർണർ വിച്ഛേദിച്ചും, ജിപിഎസ് റീചാർജ് ചെയ്യാതെയും സർവീസ് നടത്തിയ ബസ്സുകൾക


കോട്ടയം: കോട്ടയത്ത് സ്വകാര്യ ബസ്സുകളിൽ മോട്ടോർ വാഹന വകുപ്പിന്റെ മിന്നൽ പരിശോധനയിൽ നിയമലംഘനം കണ്ടെത്തിയ ബസ്സുകൾക്കെതിരെ നടപടി സ്വീകരിച്ചു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു മൂന്നു മണിയോടെയാണ് നാഗമ്പടം സ്വകാര്യ ബസ്സ് സ്റ്റാൻഡിൽ കോട്ടയം എൻഫോഴ്‌സ്‌മെന്റ്‌ ആർടിയുടെ വിവിധ സ്ക്വാഡുകൾ പരിശോധന നടത്തിയത്.

 

 25 സ്വകാര്യ ബസുകൾ പരിശോധിച്ചതിൽ ആറു വാഹനങ്ങൾക്ക് സ്പീഡ് ഗവർണർ വിച്ഛേദിച്ചനിലയിൽ കണ്ടെത്തി. മിക്കവാഹനങ്ങളിലും ജി.പി.എസ്. റീചാർജ് ചെയ്യാത്ത നിലയിലാണ് കണ്ടെത്തിയത്. സ്പീഡ് ഗവർണർ വിച്ഛേദിച്ച വാഹനങ്ങൾ അത് ഘടിപ്പിച്ച ശേഷം അതാത് രജിസ്ട്രിങ്‌ അതോറിറ്റി മുൻപാകെ വാഹനം ഹാജരാക്കിയ ശേഷം മാത്രമേ സർവ്വീസ് നടത്താവൂ എന്ന് നിർദ്ദേശിച്ചു.

ജിപിഎസ്‌ പ്രവർത്തിപ്പിക്കാത്തവർ ഇവ റീചാർജ്‌ചെയ്‌ത്‌ സർട്ടിഫിക്കറ്റ്‌ നൽകണമെന്നും അധികൃതർ നിർദ്ദേശിച്ചു. കോട്ടയം എൻഫോഴ്സ്മെന്റ് എംവിഐ ബിനോയ് ജോസഫ്, ബി ആശാകുമാർ, എഎംവിഐമാരായ ജോർജ് വർഗീസ്, മനോജ് കുമാർ, സെന്തിൽ, സുരേഷ് കുമാർ, രജീഷ്, ജെറാൾഡ് വിൽസ് തുടങ്ങിയവർ പരിശോധനക്ക്‌ നേതൃത്വംനൽകി. വരും ദിവസങ്ങളിൽ ജില്ലയിലെ മറ്റു ബസ്‌ സ്റ്റാൻഡുകളിലും വാഹനപരിശോധന നടത്തുമെന്നും അധികൃതർ പറഞ്ഞു.