നിരക്കുകൾ കുത്തനെ ഉയർത്തിയില്ല, കൂടുതൽ ടവറുകൾ പ്രവർത്തനക്ഷമമായി, ജില്ലയിൽ ബിഎസ്‌എൻഎൽ ഉപഭോക്താക്കളുടെ എണ്ണത്തിൽ വർധന.


കോട്ടയം: താരിഫ് നിരക്കുകൾ കുത്തനെ ഉയർത്താഞ്ഞതിനാലും കൂടുതൽ ടവറുകൾ പ്രവർത്തനക്ഷമമായതിനാലും കോട്ടയം ജില്ലയിൽ ബിഎസ്‌എൻഎൽ ഉപഭോക്താക്കളുടെ എണ്ണത്തിൽ വർധന. ജൂലൈയിൽ 1,830 പേർ ബിഎസ്എൻഎലിലേക്ക് പോർട്ടുചെയ്യുകയും 4,700പേർ പുതിയ മൊബൈൽ കണക്ഷൻ സ്വീകരിക്കുകയും ചെയ്തു.

 

 ജില്ലയിൽ ആകെ 7.35 ലക്ഷം ബിഎസ്എൻഎൽ മൊബൈൽ ഉപഭോക്താക്കളുണ്ട്‌. കൂടുതൽ ടവറുകൾ പ്രവർത്തനക്ഷമമാകുകയും അതോടൊപ്പം ഫോർ ജി സംവിധാനം കൂടുതൽ ടവറുകളിൽ എത്തഹിയ്യാത്തും ഉപഭോക്താക്കൾ കൂടാൻ ഇടയാക്കി. സ്വകാര്യ ഓപ്പറേറ്റർമാർ നിരക്ക് കൂട്ടിയപ്പോൾ ബിഎസ്എൻഎൽ നിരക്കുകൾ കുത്തനെ വർധിപ്പിച്ചില്ല. 


















പുതുതായി ബിഎസ്എൻഎലിലേക്ക് പോർട്ട് ചെയ്യുന്ന മൊബൈൽ ഉപഭോക്താക്കളുടെ എണ്ണത്തിൽ 200 ശതമാനത്തോളം വർധന  ജൂലൈയിൽ രേഖപ്പെടുത്തി. അതോടൊപ്പം പുതുതായി കണക്ഷൻ എടുക്കുന്നവരുടെ എണ്ണവും കൂടി. ആകെയുള്ള 521 മൊബൈൽ ടവറുകളിൽ 119 ടവറുകളിൽ ഫോർജി സൗകര്യം ലഭ്യമാണ്. ഇതിനുപുറമേ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സാങ്കേതികത മുൻനിർത്തിയുള്ള പുതിയ ഫോർ ജി സിഗ്നലുകൾ 34 ടവറുകളിൽ ലഭ്യമായി തുടങ്ങി. ദിവസവും ഒരു ജിബി ഡാറ്റയുള്ള 28 ദിവസ പ്ലാനിന് കേവലം 108 രൂപയാണ് ബിഎസ്‌എൻഎൽ ഈടാക്കുന്നത്. നിലവിലുള്ള ടുജി, ത്രീജി സിമ്മുകൾ ഫോർജി ആക്കാൻ എല്ലാ കസ്റ്റമർ കെയർ സെന്ററുകളിലും റീടൈലർ ഷോപ്പുകളിലും അവസരമുണ്ട്‌. ഉപഭോക്താക്കളുടെ സിം ഇപ്പോൾ ത്രീജിയോ ഫോർജിയോ എന്നറിയാൻ 9497979797 എന്ന നമ്പറിലേക്ക് മിസ്ഡ് കോൾ ചെയ്താൽ മതി.