തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മേഖലയിലെ ദേശീയ റാങ്കിങ് സൂചിപ്പിക്കുന്ന എൻ ഐ ആർ എഫ് (National Institutional Ranking Framework) പട്ടിക പുറത്ത് വന്നപ്പോൾ കേരളത്തിലെ സർവകലാശാലകളും കലാലയങ്ങളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. മികച്ച സ്റ്റേറ്റ് പബ്ലിക് യൂണിവേഴ്‌സിറ്റികളുടെ ലിസ്റ്റിൽ 9 ഉം 10 ഉം 11 ഉം റാങ്കുകൾ കേരളത്തിലെ സർവകലാശാലകൾക്കാണ്.
കേരള സർവകലാശാല 9-ാം റാങ്കും, കൊച്ചിൻ സർവകലാശാല 10-ാം റാങ്കും, മഹാത്മാഗാന്ധി സർവകലാശാല 11-ാം റാങ്കും കാലിക്കറ്റ് സർവകലാശാല 43-ാം റാങ്കുമാണ് കരസ്ഥമാക്കിയിട്ടുള്ളത്. IIT കളും IIM കളും അടക്കം സർവകലാശാലകളുടേയും കേന്ദ്ര ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും പൊതുപട്ടികയിൽ കേരള സർവകലാശാല 38-ാം റാങ്കും, കുസാറ്റ് 51 ഉം, മഹാത്മാ ഗാന്ധി സർവകലാശാല 67 ഉം റാങ്കുകൾ നേടി. രാജ്യത്തെ സർവകലാശാലകളുടെ മാത്രമായിട്ടുള്ള റാങ്കിങ് പട്ടിക പരിശോധിക്കുമ്പോൾ കേരളത്തിലെ പ്രധാന സർവകലാശാലകളായ കേരള സർവകലാശാല 21-ാം റാങ്കും, കുസാറ്റ് 34-ാം റാങ്കും, മഹാത്മാഗാന്ധി സർവകലാശാല 37ാം റാങ്കും, കാലിക്കറ്റ് സർവകലാശാല 89-ാം കരസ്ഥമാക്കിയിട്ടുണ്ട്. കോളേജുകളുടെ പട്ടികയിൽ ആദ്യ 100 ൽ 16 കോളേജുകളും ആദ്യ 200 ൽ 42 കോളേജുകളും ഉൾപ്പെട്ടിട്ടുണ്ട്. ആദ്യ 300 ൽ 71 കോളേജുകളാണ് കേരളത്തിൽ നിന്നും ഉൾപ്പെട്ടിട്ടുള്ളത്. രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ് 20-ാം റാങ്കും, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് 22-ാം റാങ്കും, എറണാകുളം സെന്റ് തെരേസാസ് കോളേജ് 46-ാം റാങ്കും, സേക്രഡ് ഹാർട്ട് കോളേജ് തേവര 48-ാം റാങ്കും, ഗവ. വിമൻസ് കോളേജ് തിരുവനന്തപുരം 49-ാം റാങ്കും, എറണാകുളം മഹാരാജാസ് കോളേജ് 53-ാം റാങ്കും നേടിയിട്ടുണ്ട്. ആദ്യ 100ൽ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് (റാങ്ക് - 22), ഗവ. വിമൻസ് കോളേജ് (റാങ്ക് - 49), എറണാകുളം മഹാരാജാസ് കോളേജ് (റാങ്ക് -53), പാലക്കാട് വിക്ടോറിയ കോളേജ് (റാങ്ക് -84) എന്നീ 4 ഗവൺമെന്റ് കോളേജുകളും ആദ്യ 150 ൽ ഈ നാല് കോളേജുകൾക്ക് പുറമേ ബ്രണ്ണൻ കോളേജ്, ആറ്റിങ്ങൽ ഗവ കോളേജ്, കോഴിക്കോട് മീൻചന്ത ആർട്‌സ് & സയൻസ് കോളേജ്, കോട്ടയം ഗവ. കോളേജ് എന്നിവയും 151 മുതൽ 200 ബാന്റിൽ നെടുമങ്ങാട് ഗവ കോളേജും പട്ടാമ്പി ഗവ കോളേജും ഉൾപ്പെട്ടിട്ടുണ്ട്. NIRF റാങ്കിങ്ങിൽ ഉൾപ്പെട്ട ആദ്യ 300 കോളേജുകളിൽ 71 എണ്ണം കേരളത്തിൽ നിന്നുള്ളവയാണ്, അതിൽ 16 എണ്ണം ഗവൺമെന്റ് കോളേജുകളാണ്. എഞ്ചിനീയറിംഗ് കോളേജ് വിഭാഗത്തിൽ സി.ഇ.റ്റി. തിരുവനന്തപുരം 101 മുതൽ 150 വരെ ബാന്റിൽ ഇടം പിടിച്ചു. ഗവ. കോളേജ് തൃശ്ശൂർ ആദ്യ 201 മുതൽ 300 വരെയുള്ള ബാന്റിലും ഇടം നേടി. കഴിഞ്ഞ വർഷത്തെ യൂണിവേഴ്‌സിറ്റി റാങ്കിങ്ങുകൾ പരിശോധിക്കുമ്പോൾ ഓവറോൾ വിഭാഗത്തിൽ കേരള യൂണിവേഴ്‌സിറ്റി കഴിഞ്ഞ വർഷത്തെ 47-ാം സ്ഥാനത്തു നിന്നും 38-ാം സ്ഥാനത്തേക്കും, കുസാറ്റ് 63-ാം സ്ഥാനത്തു നിന്നും 51-ാം സ്ഥാനത്തേക്കും മുന്നേറി. NUALS ലോ വിഭാഗത്തിൽ 38-ാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്.